കോതമംഗലം: വന്യജീവി ആക്രമണ പ്രശ്നത്തിൽ അടിയന്തര പരിഹാരം കാണേണ്ടതുണ്ടെന്ന് നിയുക്ത എംഎൽഎ ഷിബു തെക്കുംപുറം. കുട്ടമ്പുഴ, കീരംപാറ പഞ്ചായത്തുകളിൽ നടത്തിയ പര്യടനത്തിന് നൽകിയ സ്വീകരണ സമ്മേളനങ്ങളിൽ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വന്യജീവികൾ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന സാഹചര്യമാണെന്നും വ്യക്തമാക്കി. കൂടാതെ, ആലുവ–മൂന്നാർ രാജപാത പൂർണമായി തുറക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കി.
കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർകുടിയിൽ നിന്നും ആരംഭിച്ച പര്യടനം കോൺഗ്രസ് കവളങ്ങാട് ബ്ലോക്ക് പ്രസിഡന്റ് ബാബു ഏലിയാസ് ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് കുട്ടമ്പുഴ, കീരംപാറ മേഖലകളിൽ പര്യടനം നടത്തി. യുഡിഎഫ് നേതാക്കളായ ഷമീർ പനക്കൽ, എ.ടി. പൗലോസ്, ജോമി തെക്കേക്കര, പി.സി. ജോർജ്, സി.കെ. സത്യൻ, എൻ.സി. ചെറിയാൻ, മണ്ഡലം പ്രസിഡന്റുമാരായ ജോഷി പൊട്ടക്കൽ, രാജു എബ്രാഹം, പഞ്ചായത്ത് പ്രസിഡന്റുമാരായ മേരി കുര്യാക്കോസ്, റീന ജോഷി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റാണിക്കുട്ടി ജോർജ്, ചിഞ്ചു പി. എബ്രഹാം, പഞ്ചായത്ത് മെമ്പർമാർ ഉൾപ്പെടെ നിരവധി പ്രവർത്തകർ പങ്കെടുത്തു.
