നഗരത്തിലെ റോഡ് ടാർ ചെയ്തു യാത്ര സുഗമമായതിനു പിന്നാലെ പുതുതായി നിർമിച്ച മീഡിയനും റോഡ് സുരക്ഷാ വേലിയും അപകടങ്ങളിൽ തകർന്നു. എംസി റോഡിൽ അരമനപ്പടിയിലാണ് അമിത വേഗത്തിൽ എത്തിയ കാർ ബൈക്ക് യാത്രികനെ ഇടിച്ചു വീഴ്ത്തിയ ശേഷം നിയന്ത്രണം വിട്ടു റോഡരികിലെ കടകളുടെ ഷട്ടറുകളും സുരക്ഷാ വേലിയും തകർത്തത്.

അപകടം നടന്ന കാറിൽ ഉണ്ടായിരുന്നവർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. 100 മീറ്റർ മാറി ഉണ്ടായ മറ്റൊരപകടത്തിൽ റോഡിൽ ദിവസങ്ങൾക്കു മുൻപ് നിർമിച്ച മീഡിയൻ കഷണങ്ങളായി തകർന്നു കിടക്കുകയാണ്. നിർമാണം ഇനിയും പൂർത്തിയാകാനിരിക്കെ നഗര റോഡിലൂടെ വാഹനങ്ങൾ അമിത വേഗത്തിൽ പായുന്ന സാഹചര്യമുണ്ട്.
മീഡിയന്റെയും സുരക്ഷാ വേലിയുടെ നിർമാണം പൂർത്തിയായി ദിവസങ്ങൾക്കുള്ളിലാണു അപകടങ്ങളിൽ ഇവ തകർന്നത്. ഇനി പഴയ പാലത്തിലെ അപ്രോച്ച് റോഡിലെ ടാറിങ് മാത്രമാണു പൂർത്തിയാകാനുള്ളത്. ഇതു പൂർത്തിയായ ശേഷം റോഡിൽ സുരക്ഷാ സംവിധാനങ്ങളും വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാൻ നിരീക്ഷണ സംവിധാനങ്ങളും ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്

