ഇടുക്കി: മലയോര ഹൈവേയിൽ ഇടുക്കി ഏലപ്പാറ നാലാം മൈൽ ഏറമ്പടത്തിനു സമീപം കാർ നിയന്ത്രണംവിട്ടു കൈതപ്പതാൽ തോട്ടിലേക്കു മറിഞ്ഞു യുവാവ് മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര കാഞ്ഞിരംകുളം ചാണി കരുമരക്കാല ‘ബഥേൽ എലി’മിൽ ജെറിൻ ഏണസ്റ്റ് (38) ആണു മരിച്ചത്. ഭാര്യ ദിവ്യ (29), ദിവ്യയുടെ സഹോദരി നവ്യ (26) എന്നിവരെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജെറിന്റെയും ദിവ്യയുടെയും മകൻ ജോഫാൻ (3), നവ്യയുടെ ഭർത്താവ് അജിൻ (34) എന്നിവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ ആറോടെയാണു കാർ 50 അടി താഴ്ചയിലേക്കു മറിഞ്ഞത്. കാറോടിച്ചിരുന്ന ജെറിൻ സീറ്റ് ബെൽറ്റിട്ടിരുന്നതിനാൽ തോട്ടിലെ വെള്ളത്തിൽ മുങ്ങി. രക്ഷാപ്രവർത്തകർ പീരുമേട് താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ ബന്ധുവീട്ടിലേക്കു പോകാനാണ് അഞ്ചംഗ സംഘം തിരുവനന്തപുരത്തുനിന്ന് ഇറങ്ങിയത്. പിന്നീടു യാത്രയ്ക്കിടെ തീരുമാനം മാറ്റി കട്ടപ്പനയിലെ ബന്ധുവീട്ടിൽ പോയി അവിടെനിന്നു തിരുച്ചിറപ്പള്ളിയിലേക്കു പോകാൻ തീരുമാനിച്ചു. എന്നാൽ, അവിടേക്കുള്ള വഴിയിൽ അപകടത്തിൽപെട്ടു. ജെറിൻ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നു പൊലീസ് പറഞ്ഞു.
