ജില്ലാതല ഓണഘോഷ പരിപാടികൾ ഓഗസ്റ്റ് 24 മുതൽ 30 വരെ സംഘടിപ്പിക്കും. ദർബാർ ഹാൾ, ഫോർട്ട് കൊച്ചി, പറവൂർ എന്നീ മൂന്ന് വേദികളിലായിരിക്കും പ്രധാന ആഘോഷ പരിപാടികൾ നടക്കുക. കൂടാതെ, ജില്ലയിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിൽ എം.എൽ.എ.മാരുടെ നേതൃത്വത്തിലും ആഘോഷങ്ങൾ സംഘടിപ്പിക്കും.
ഓഗസ്റ്റ് 24-ന് വൈകുന്നേരം ആറിന് ജില്ലാതല ഓണാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കും. ഓഗസ്റ്റ് 25-ന് ട്രൈബൽ ഉന്നതികളിൽ പ്രത്യേക ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കും. ചടങ്ങിൽ ജില്ലയിലെ എല്ലാ എം.എൽ.എമാരും പങ്കെടുക്കും. ജില്ലയുടെ ചുമതലയുള്ള ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണിന്റെ അധ്യക്ഷതയിൽ ഓണാഘോഷങ്ങളുടെ സംഘാടക സമിതി യോഗം ചേർന്നു.
ആഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിനായി പ്രോഗ്രാം സബ് കമ്മിറ്റി, ഫിനാൻസ് സബ് കമ്മിറ്റി, പബ്ലിസിറ്റി സബ് കമ്മിറ്റി എന്നീ ഉപസമിതികൾക്ക് യോഗം രൂപം നൽകി. കലാപരിപാടികളിൽ പങ്കെടുക്കാൻ താല്പര്യമുള്ള നാടൻ കലാകാരന്മാർ ഉൾപ്പെടെയുള്ള വിവിധ മേഖലകളിലെ പ്രതിഭകളിൽ നിന്ന് താല്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. കലാകാരന്മാരുടെ അന്തിമ പട്ടിക ഓഗസ്റ്റ് 12 ന് ചേരുന്ന പ്രോഗ്രാം സബ് കമ്മിറ്റി യോഗത്തിൽ തയ്യാറാക്കും.
കളക്ടറേറ്റ് ഓഡിയോ വിഷ്വൽ ഹാളിൽ ചേർന്ന യോഗത്തിൽ എം.എ.എൽ.മാരായ ദീപക് ജോയ്, ഷിബു തെക്കുംപുറം, ടി.ജെ. വിനോദ്, മനോജ് മൂത്തേടൻ, അൻവർ സാദത്ത്, മുഹമ്മദ് ഷിയാസ്, ജില്ലാ കളക്ടർ ജി. പ്രിയങ്ക, സബ് കളക്ടർ ഗ്രന്ഥെ സായി കൃഷ്ണ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ. മനോജ്, ഡി.ടി.പി.സി. സെക്രട്ടറി ലിജോ ജോസഫ്, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
