കോതമംഗലം: കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ നെല്ലിമറ്റത്ത് നിയന്ത്രണം വിട്ട കാർ വീടിന്റെ മതിൽ ഇടിച്ചു തകർത്തു. നെല്ലിമറ്റം സെന്റ് ജോസഫ് യുപി സ്കൂളിന് സമീപം ഇന്നലെ രാവിലെയാണ് അപകടം. ദേശീയപാതയുടെ കൊടുംവളവാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.
ഗുരുവായൂർ സ്വദേശികളായ അഞ്ചോളം പേർ മൂന്നാറിൽ പോയി മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. ഇതിൽ ഏതാനും പേർക്ക് പരിക്കുപറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇടിയുടെ ആഘാതത്തിൽ മതിലിന്റെ അവശിഷ്ടങ്ങൾ മീറ്ററുകൾ ദൂരത്തിലുള്ള വീടിന്റെ പോർച്ചിലും സിറ്റൗട്ടിലും വരെ എത്തി.
അശാസ്ത്രീയമായ റോഡു നിർമാണം മൂലമാണ് ഈ ഭാഗത്ത് തുടർച്ചയായി അപകടങ്ങൾ ഉണ്ടാകുന്നതെന്ന് നാട്ടുകാർ പറഞ്ഞു. നിരവധി പരാതികൾ നൽകിയിട്ടും ഈ അപകട വളവ് നിവർത്താൻ അധികൃതർ തയാറായിട്ടില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു.
