ഇടുക്കി ജലവൈദ്യുത പദ്ധതി അറ്റകുറ്റപ്പണിക്കായി അടച്ചതോടെ മൂവാറ്റുപുഴയാറിൽ ഉണ്ടാകുന്ന ജലദൗർലഭ്യം പരിഹരിക്കാൻ പെരിയാറിൽ നിന്നു വെള്ളമൊഴുക്കും. പെരിയാർവാലി കോതമംഗലം, മുളവൂർ ബ്രാഞ്ച് കനാലുകൾ വഴിയാണു മൂവാറ്റുപുഴയാറിൽ വെള്ളമെത്തിക്കുക.

ഇതിനായി ഭൂതത്താൻകെട്ട് ബറാജിന്റെ ഷട്ടറുകൾ അടച്ച് വെള്ളം സംഭരിച്ചു തുടങ്ങി. മൂവാറ്റുപുഴയാറിൽ 10 ദിവസം ലഭ്യമാക്കാനുള്ള വെള്ളം മലങ്കര ഡാമിൽ ഉണ്ടെന്നാണു കണക്കുകൂട്ടൽ.

തുടർന്നു ജലനിരപ്പ് താഴുന്നതോടെ മൂവാറ്റുപുഴയാറിനെ ആശ്രയിച്ചുള്ള ശുദ്ധജല പദ്ധതികൾ പ്രതിസന്ധിയിലാകും. ഇതു പരിഹരിക്കാനാണു പെരിയാറിലെ വെള്ളമെത്തിക്കുന്നത്.

ബറാജിന്റെ 3 ഷട്ടർ ഒഴിച്ചു ബാക്കിയുള്ള 12 എണ്ണം ഘട്ടംഘട്ടമായി അടച്ചു. ഇരു കനാലുകളിലും ശുചീകരണം തുടങ്ങി.അടുത്ത ആഴ്ച കനാൽ തുറന്നേക്കും. പ്രത്യേക സാഹചര്യത്തിൽ ആദ്യമായാണ് ഇങ്ങനെ വെള്ളമെത്തിക്കുന്നതെന്നു പെരിയാർവാലി അധികൃതർ പറഞ്ഞു.

