തൃപ്പൂണിത്തുറ ജംക്ഷനുകൾ കീഴടക്കി തെരുവുനായ്ക്കൾ. പുറത്തിറങ്ങാൻ പേടിച്ചു കാൽനട യാത്രികർ. ഇന്നലെ രാവിലെ 7നു കിഴക്കേക്കോട്ടയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച തെരുവുനായ്ക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്ന് ഇരുചക്രവാഹന യാത്രികരും കാൽനട യാത്രികരും രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്. നഗരത്തിൽ തെരുവുനായ്ക്കളുടെ എണ്ണം ദിനംപ്രതി പെരുകുമ്പോഴും നടപടിയെടുക്കാതെ കാഴ്ചക്കാരായി നിൽക്കുകയാണ് അധികൃതരെന്നാണ് പരാതി. നഗരസഭ കൊണ്ടുവന്ന എബിസി കേന്ദ്രം മാത്രമാണ് കുറച്ചെങ്കിലും ആശ്വാസം.

പല ജംക്ഷനുകളിലും തെരുവുനായ്ക്കളുടെ ശല്യം ഏറെ രൂക്ഷമാണ്. രാവിലെ സ്കൂളിൽ പോകാനെത്തുന്ന കുട്ടികൾക്കും പ്രഭാത സവാരിക്കിറങ്ങുന്നവർക്കും ആരാധനാലയങ്ങളിൽ പോകുന്നവർക്കും പാൽ, പത്രം വിതരണക്കാർക്കും തെരുവുനായ്ക്കൾ ഭീഷണിയാകുകയാണ്. തനിച്ച് സഞ്ചരിക്കുന്ന കൊച്ചുകുട്ടികളെയും സ്ത്രീകളെയും നായ്ക്കൾ കൂട്ടമായി ആക്രമിക്കാനെത്തുന്ന സാഹചര്യവുമുണ്ട്. കഴിഞ്ഞ ദിവസം ഇരുമ്പനം ഭാഗത്തു കൗൺസിലർ ഉൾപ്പെടെ 9 പേരെ തെരുവുനായ്ക്കൾ ആക്രമിക്കാനെത്തിയിരുന്നു.

ഇതിൽ 4 പേർക്ക് കടിയേറ്റു. നഗരത്തിലെ ഇളമന റോഡിലെ തെരുവുനായ്ക്കൂട്ടം സൈക്കിളിൽ പോകുന്ന വിദ്യാർഥികളെ ആക്രമിക്കുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇവ ആക്രമിക്കാൻ ശ്രമിച്ചതോടെ ഒരു വിദ്യാർഥി പേടിച്ചു സൈക്കിളിൽ നിന്നു വീണു.

ഇരുചക്രവാഹനങ്ങൾക്കു പിന്നാലെ നായ്ക്കൾ കുരച്ചുകൊണ്ട് കൂട്ടമായി ഓടിവരുന്നത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ആദ്യം ശാന്തമായി കിടക്കുന്ന നായ്ക്കൾ ആളുകൾ സമീപത്തെത്തുമ്പോഴാണു കുരച്ചുകൊണ്ട് ചാടി വീഴുന്നത്. റെയിൽവേ സ്റ്റേഷൻ പരിസരവും തെരുവുനായ്ക്കൾ കയ്യടക്കിയ സ്ഥിതിയാണ്. പത്തിലേറെ നായ്ക്കളാണ് സ്റ്റേഷൻ പരിസരത്ത് വിലസുന്നത്. പ്ലാറ്റ്ഫോമിലും ടിക്കറ്റ് കൗണ്ടറിനു സമീപവും വരാന്തയിലുമെല്ലാം തെരുവുനായ്ക്കളാണ്. കുട്ടികളുമായി എത്തുന്നവർ പേടിച്ചാണ് സ്റ്റേഷനിലേക്ക് കയറുന്നത്.

