alcohol
മദ്യം വാങ്ങാൻ എത്തുന്നവർക്ക് പ്രായം തെളിയിക്കുന്ന രേഖകൾ പരിശോധിച്ച ശേഷമേ മദ്യം നൽകു എന്ന രീതിയിലാണ് കടുത്ത നിയന്ത്രണം വരുന്നത്

കേരളത്തിൽ മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായപരിധി 23 വയസ്സായി നിജപ്പെടുത്തിയ നിയമം ഇനി മുതൽ കർശനമായി നടപ്പാക്കാൻ സർക്കാർ തീരുമാനം. നിലവിൽ നിയമമുണ്ടെങ്കിലും പലയിടത്തും ഇത് കൃത്യമായി പാലിക്കപ്പെടുന്നില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. ഇതുസംബന്ധിച്ച് അടിയന്തര ശുപാർശ നൽകാൻ എക്സൈസ് മന്ത്രി എം. ലിജു എക്സൈസ് കമ്മിഷണറോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിച്ച ശേഷം പുതിയ നിർദ്ദേശം സംസ്ഥാന മദ്യനയത്തിൽ ഉൾപ്പെടുത്തും.

ബെവ്കോ ഔട്ട്‌ലെറ്റുകളിലും ബാറുകളിലും എത്തുന്നവർക്ക് പ്രായം തെളിയിക്കുന്ന രേഖകൾ പരിശോധിച്ച ശേഷമേ മദ്യം നൽകാവൂ എന്ന രീതിയിലാണ് കടുത്ത നിയന്ത്രണം വരുന്നത്. മദ്യം വാങ്ങാൻ എത്തുന്നവരുടെ പ്രായത്തിൽ ജീവനക്കാർക്ക് സംശയം തോന്നിയാൽ നിർബന്ധമായും തിരിച്ചറിയൽ രേഖ ആവശ്യപ്പെടാം. രേഖകൾ ഹാജരാക്കാത്തവർക്ക് മദ്യം നൽകില്ല. എന്നാൽ ഈ പരിശോധന കൗണ്ടറുകളിൽ ഉപയോക്താക്കളും ജീവനക്കാരും തമ്മിൽ വലിയ തർക്കങ്ങൾക്ക് കാരണമായേക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

മുമ്പ് മദ്യം വാങ്ങാനുള്ള പ്രായപരിധി 18 വയസ്സായിരുന്നത് കെ. ബാബു എക്സൈസ് മന്ത്രിയായിരിക്കെ 21 ആയും, പിന്നീട് ടി.പി. രാമകൃഷ്ണൻ എക്സൈസ് മന്ത്രിയായിരിക്കെ 23 വയസ്സായും ഉയർത്തിയിരുന്നു. അയൽസംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും കർണാടകത്തിലും 21 വയസ്സാണ് മദ്യം വാങ്ങാനുള്ള പ്രായപരിധി. മഹാരാഷ്ട്രയിൽ ബീയറിനും വൈനിനും 21 വയസ്സും വീര്യം കൂടിയ മദ്യത്തിന് 25 വയസ്സുമാണ് പരിധി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!