പ്ലാസ്റ്റിക് അധിഷ്ഠിത പ്രചാരണ ബോർഡുകൾ ഒഴിവാക്കി തുണിയിലാണ് സ്ഥാനാർഥികളുടെ പ്രചാരണ സാമഗ്രികൾ തയാറാക്കുന്നത്. നിരക്ക് അൽപം കൂടുതലാണെങ്കിലും പിന്നീട് നിയമപ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ തുണി പ്രിന്റുകൾക്കാണ് സ്ഥാനാർഥികൾ മുൻതൂക്കം നൽകുന്നത്. പിവിസി ഫ്രീ എന്ന മുദ്രയും പ്രസാധകന്റെ പേരും ബോർഡുകളിൽ വേണം.

ഒരു ചതുരശ്രയടി തുണി പ്രിന്റിന് 20 രൂപയാണ് നിരക്ക്. ഫ്ലെക്സ് പ്രിന്റിങ് എന്നാണ് സ്ഥാപനങ്ങളുടെ പേരെങ്കിലും പ്ലാസ്റ്റിക് നിരോധനമുള്ളതിനാൽ മിക്കയിടത്തും തുണിയിലാണ് പ്രിന്റ് ചെയ്യുന്നത്. കുറെ നാളുകൾ നിലനിൽക്കുന്നതും കനംകുറഞ്ഞ പിവിസിയിൽ നിർമിക്കുന്നതുമായ ഷീറ്റുകളാണ് പ്രിന്റിങ്ങിന് ഉപയോഗിച്ചിരുന്നത്. ഇതിന്റെ ഉപയോഗം കുറച്ച് പ്രകൃതി സൗഹൃദമായ തുണിയാണ് ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്നത്.

ജില്ലയിൽ ഏറ്റവും കൂടുതൽ ഫ്ലെക്സ് പ്രിന്റിങ് സ്ഥാപനങ്ങളുള്ള മേഖലകളിലൊന്നാണ് പെരുമ്പാവൂർ. ഓരോ വാർഡിലും കുറഞ്ഞത് 20 പ്രചാരണ ബോർഡുകളാണ് അച്ചടിക്കുന്നത്. 3X2 വലുപ്പം മുതൽ 15X8 വലുപ്പം വരെയുള്ള ബോർഡുകൾ അടിക്കുന്നവരുണ്ട്. പ്രചാരണ ബോർഡുകൾ തയാറാക്കുന്നവർക്കു മാത്രമല്ല അച്ചടി അസംസ്കൃത വസ്തുക്കൾ വിതരണം ചെയ്യുന്നവർക്കും തിരക്കുള്ള കാലമാണ് തിരഞ്ഞെടുപ്പ്.

