കൈകാലുകൾ ബന്ധിച്ച് വേമ്പനാട്ട് കായൽ നീന്തിക്കയറാൻ ഒരുങ്ങുകയാണ് കോതമംഗലം കുത്തുകുഴി കൊല്ലാരത്ത് രഘുനാഥ് – ആതിര ദമ്പതികളുടെ മകനായ ഒൻപതു വയസുകാരൻ ദേവദർശൻ. കോതമംഗലം വിമലഗിരി പബ്ലിക് സ്കൂൾ നാലാം ക്ലാസ് വിദ്യാർഥി ദേവദർശനാണ് വേൾഡ് വൈഡ് ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം പിടിക്കാൻ നീന്തുന്നത്.

ആലപ്പുഴ ജില്ലയിലെ ചേർത്തല കൂമ്പേക്കടവിൽ നിന്നാണ് നാളെ രാവിലെ 6.30ന് കോട്ടയം വൈക്കം ബീച്ച് വരെയുള്ള വേമ്പനാട്ട് കായലിലെ ആഴമേറിയ ഒന്പത് കിലോമീറ്റർ ദൂരം കൈകാലുകൾ ബന്ധിച്ച് നീന്തുന്നത്. കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബിന്റെ ബിജു തങ്കപ്പനാണ് പരിശീലകൻ. ചുരുങ്ങിയ കാലം കൊണ്ട് നീന്തലിൽ മികച്ച പ്രകടനമാണ് ദേവദർശൻ കാഴ്ചവച്ചതെന്ന് ബിജു പറഞ്ഞു.

വളരെ കുത്തൊഴുക്കുള്ള മൂവാറ്റുപുഴ ആറ്റിലാണ് ദേവദർശൻ പരിശീലനം പൂർത്തിയാക്കിയത്. ആദ്യമായിട്ടാണ് ഒന്പതു വയസുകാരൻ വേമ്പനാട്ട് കായലിലെ ഒന്പത് കിലോമീറ്റർ ദൂരം കൈകാലുകൾ ബന്ധിച്ച് നീന്തി റിക്കാർഡ് നേടാൻ ശ്രമിക്കുന്നത്.


