കൊച്ചി: പച്ചാളം പാലത്തിനുസമീപം റെയില്‍വേ ട്രാക്കില്‍ ആട്ടുകല്ല് കണ്ടെത്തി. ട്രെയിന്‍ അട്ടിമറി ശ്രമമെന്ന് സംശയം. ഇതിനു സമീപത്ത് നായ ചത്തുകിടക്കുന്നുണ്ട്. ജഡം ചിന്നിച്ചിതറിയ നിലയിലാണുള്ളത്.

റെയില്‍വേ പൊലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. രാത്രിയില്‍ ആരോ ജീപ്പില്‍ വന്നുവെന്ന് നാട്ടുകാരിലൊരാള്‍ പറഞ്ഞു. കമ്പിപ്പാര റോഡിലൂടെ വലിച്ചുകൊണ്ട് നടക്കുന്ന ശബ്ദം കേട്ടെന്നും ആട്ടുകല്ല് സമീപ പ്രദേശത്ത് കിടന്നതാണെന്നും നാട്ടുകാര്‍ വെളിപ്പെടുത്തി.

ട്രാക്കിന്‍റെ നടുക്കാണ് ആട്ടുകല്ലുണ്ടായിരുന്നത്. ആട്ടുകല്ലിനു അധികം വലുപ്പമില്ലാത്തിനാൽ ട്രെയിൻ അതിനു മുകളിലൂടെ കടന്നുപോവുകയായിരുന്നു. ഇതേ ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് പാളത്തിന് നടുക്ക് ആട്ടുകല്ലിരിക്കുന്ന വിവരം റെയില്‍വേ പൊലീസിനെ അറിയിച്ചത്.

ട്രാക്കിന്‍റെ നടുവിൽ ഇത്തരമൊരു ഭാരമേറിയ വസ്തു കൊണ്ടുവന്ന് വച്ചതിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് പറയുന്നു. ട്രെയിൻ തട്ടിയാണോ നായ ചത്തതെന്നതും പരിശോധിക്കുന്നുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാകും അന്വേഷണം.

