സഞ്ചാരികൾ ഏറെ ആശ്രയിക്കുന്ന വാഗമൺ റൂട്ടിൽ അപകടങ്ങൾ തുടർകഥയാകുന്നു. കാൽ നൂറ്റാണ്ടു മുൻപ് നിർമിച്ചതാണ് മൂലമറ്റം വാഗമൺ റോഡ്. തുടർന്നു കാഞ്ഞാർ– വാഗമൺ റോഡും നിർമിച്ചെങ്കിലും റോഡിന് വീതികൂട്ടുന്നതിനും മറ്റും നടപടിയായിട്ടില്ല. പലയിടങ്ങളിലും റോഡിന് വീതിയേറെ കുറവാണ്. ഇതോടൊപ്പം റോഡിനിരുവശവും കാടും കയറി.

കാഞ്ഞാർ വഴിയും മൂലമറ്റം വഴിയുമുള്ള വാഗമൺ റോഡിനിരുവശവും കാട് കയറി നിൽക്കുന്നതിനാൽ ഇതുവഴിയുള്ള യാത്രയാണ് ദുരിതമായിരിക്കുന്നത്. തൊടുപുഴയിൽ നിന്നു രണ്ട് റോഡുകളാണ് പുള്ളിക്കാനം വഴി വാഗമണ്ണിനുള്ളത്. ഇതിൽ ഒന്ന് തൊടുപുഴ-കാഞ്ഞാർ – കൂവപ്പള്ളി-പുത്തേട് വഴി – പുള്ളിക്കാനത്ത് എത്തുന്നതും മറ്റൊന്ന് തൊടുപുഴ- മൂലമറ്റം – ഇലപ്പള്ളി – എടാട് വഴി പുള്ളിക്കാനത്ത് എത്തുന്നതുമാണ്. ഈ രണ്ട് റോഡുകൾക്കും വീതിയില്ല എന്നതാണ് പ്രധാന പ്രശ്നം.

റോഡ് നിർമിച്ച കാലത്തെ വീതി തന്നെയാണിപ്പോഴുമുള്ളത്. ചിലയിടങ്ങളിൽ ഓട്ടോറിക്ഷകൾക്കുപോലും സൈഡ് കൊടുക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. ഞായറാഴ്ചയും അവധി ദിവസങ്ങളിലും മണിക്കൂറുകളോളം ഈ റൂട്ടിൽ ഗതാഗതക്കുരുക്ക് പതിവാണ്. വടക്കൻ കേരളത്തിൽ നിന്നുള്ളവർ ഏറെ ആശ്രയിക്കുന്നത് ഈ റോഡുകളാണ്. ഈ രണ്ടു റോഡുകൾക്കും പലയിടങ്ങളിലും സംരക്ഷണഭിത്തിയുമില്ല. ഇരുവശവും കാടുകയറികിടക്കുന്നതിനാൽ റോഡിനു വീതി വളരെ കുറവാണ്. ഓടകളിലടക്കം കാടുകയറി കിടക്കുന്നതിനാൽ എതിർ വശത്ത് വാഹനങ്ങൾ എത്തിയാൽ സൈഡ് കൊടുക്കാൻ വളരെ ബുദ്ധിമുട്ടാണ്. ചില സ്ഥലങ്ങളിൽ കാട്ടിലേക്ക് ഇറങ്ങിയാൽ ഓടകളിൽ കുടുങ്ങുന്നതിനും സാധ്യതയുണ്ട്. റോഡിലെ വളവുകളാണ് അപകടങ്ങൾക്ക് പ്രധാന കാരണം. ഇത് കുറയ്ക്കുന്നതിന് റോഡിന് വീതികൂട്ടുന്നതിനും ആവശ്യമായ സ്ഥലങ്ങളിൽ സംരക്ഷണ വേലി നിർമിക്കുന്നതിനും നടപടി വേണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.

