നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിന് സമീപമാണ് റെയിൽവെ സ്റ്റേഷൻ നിർമിക്കുന്നത്. ഇതിനായി 7.56 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഫെബ്രുവരി അഞ്ചുവരെ കരാർ സമർപ്പിക്കാം. ആധുനിക സൗകര്യങ്ങളോടെയായിരിക്കും സ്റ്റേഷൻ നിർമാണം. റെയിൽവെ ലൈനിന്റെ കിഴക്ക് ഭാഗത്തായി സ്റ്റേഷൻ കെട്ടിടവും ഇരു ഭാഗത്തും 600 മീറ്റർ നീളത്തിൽ പ്ലാറ്റ്ഫോമുകളും ഇതിന് കുറുകെയുള്ള കാൽനട മേൽപാലവും ലിഫ്റ്റും പാർക്കിംഗ് സൗകര്യങ്ങളും ഉൾപ്പെടുത്തിയാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. ഒൻപത് മാസമാണ് ആദ്യഘട്ട നിർമാണ കാലാവധിയായി കണക്കാക്കിയിരിക്കുന്നത്.

റെയിൽവെ സ്റ്റേഷനിൻ നിന്നും വിമാനത്താവളത്തിലേക്ക് എളുപ്പത്തിൽ എത്താൻ കഴിയുന്ന വാക്കലേറ്ററുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ രണ്ടാം ഘട്ടത്തിലാണ് നടപ്പിലാക്കുന്നത്. സ്റ്റേഷൻ നിർമിക്കുന്നതിന് ആവശ്യമായ സ്ഥലം റെയിൽവെയുടെ പക്കൽ തന്നെ ഉള്ളതിനാൽ ഭൂമി ഏറ്റെടുക്കേണ്ട ആവശ്യം ഇല്ല.

വിവിധ ജില്ലകളിൽ നിന്നും കൊച്ചി വിമാനത്താവളത്തിലേക്ക് വരുന്ന യാത്രക്കാർക്ക് റെയിൽവെ സ്റ്റേഷൻ വലിയ അനുഗ്രഹമായിരിക്കും. യാത്രക്കാർക്ക് റോഡിലെ ട്രാഫിക് ബ്ലോക്കുകളിൽ കുടുങ്ങാതെ കൃത്യസമയത്ത് വിമാനത്താവളത്തിൽ എത്തിച്ചേരാൻ കഴിയും. വിനോദ സഞ്ചാര മേഖലയ്ക്കും ഇത് ഉണർവേകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകൾക്ക് ഇവിടെ സ്റ്റോപ്പ് ഉണ്ടാകുമെന്ന് ദക്ഷിണ റെയിൽവെ നേരത്തേ വ്യക്തമാക്കിയിരുന്നു.

യാത്രക്കാർക്ക് ട്രെയിൻ ഇറങ്ങി ഏകദേശം ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ വിമാനത്താവളത്തിൽ എത്താം. ഇതിനായി എയർപോർട്ട് – റെയിൽവെ സ്റ്റേഷൻ ഫീഡർ ബസുകളും ഏർപ്പെടുത്തും. നീണ്ട 15 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് നെടുമ്പാശേരിയിൽ റെയിൽവെ സ്റ്റേഷൻ യാഥാർഥ്യമാകുന്നത്. 2010 ൽ ഇ. അഹമ്മദ് കേന്ദ്ര മന്ത്രിയായിരുന്നപ്പോൾ പദ്ധതിക്ക് തറക്കല്ലിട്ടെങ്കിലും വിവിധ തർക്കങ്ങളെ തുടർന്ന് പദ്ധതി മുന്നോട്ടുപോയില്ല.
