തൃശൂർ: ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും വിഷുദിനത്തോടനുബന്ധിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്കായി ഒരുക്കങ്ങൾ പൂർത്തിയായി. ഭക്തർക്ക് സുഗമമായി ദർശനം നടത്തുന്നതിനായി വിപുലമായ ഒരുക്കങ്ങളാണ് ക്ഷേത്രത്തിൽ സജ്ജമാക്കിയിരിക്കുന്നത്. ഏപ്രിൽ 15 ബുധനാഴ്ച പുലർച്ചെ 2.55 മുതൽ 3.55 വരെ ഭക്തർക്ക് ശ്രീകോവിലിനുള്ളിലെ കണി കാണാം.
നട തുറന്നതിന് ശേഷം പതിവ് പോലെ നിർമാല്യം, അഭിഷേകം ഉൾപ്പെടെയുള്ള വിവിധ പൂജകളും നടക്കും. ശ്രീകോവിൽ നെയ്യ് വിളക്ക് വഴിപാട് ശീട്ടാക്കുന്ന ഭക്തർക്കുള്ള ദർശനം രാവിലെ ഏഴ് മണിക്ക് ആരംഭിക്കും. തിരക്ക് വർദ്ധിച്ചാൽ നെയ്യ് വിളക്ക് ദർശനത്തിന് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. തിരക്ക് നിയന്ത്രിക്കുന്നതിനും എല്ലാ ഭക്തർക്കും ദർശനം ഉറപ്പാക്കുന്നതിനും വേണ്ട നടപടികൾ നടന്നുവരികയാണ്.
ശബരിമല ക്ഷേത്രത്തിലും വിഷുക്കണി ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. കണികണ്ട് തൊഴുന്നതിനൊപ്പം ഭക്തര്‍ക്ക് ശ്രീകോവിലില്‍ നിന്ന് വിഷു കൈനീട്ടവും ലഭിക്കും. 15-ന് പുലര്‍ച്ചെ നാല് മണിമുതല്‍ ഏഴ് മണിവരെയാണ് വിഷുക്കണി ദര്‍ശനം. പതിനാലിന് രാത്രി അത്താഴ പൂജയ്ക്ക് ശേഷം മേല്‍ശാന്തി, കീഴ്ശാന്തി പരികര്‍മികള്‍ എന്നിവര്‍ ചേര്‍ന്ന് ശ്രീകോവിലില്‍ വിഷുക്കണി ഒരുക്കിയ ശേഷമാണ് രാത്രി ഹരിവരാസനം ചൊല്ലി നട അടയ്ക്കുന്നത്. പുലര്‍ച്ചെ നട തുറന്ന് ശ്രീകോവിലിലെ ദീപങ്ങള്‍ തെളിയിച്ച് ആദ്യം അയ്യനെയാണ് കണി കാണിക്കുന്നത്. അതിന് ശേഷമായിരിക്കും ഭക്തര്‍ക്ക് അവസരം.
