പെരുമ്പാവൂർ: പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും വിവിധ മേഖലകളിൽ ജോലി ചെയുന്ന അതിഥി തൊഴിലാളികൾ വേതനവർദ്ധന ആവശ്യപ്പെട്ടുകൊണ്ട് തൊഴിലുടമകളുമായും തൊഴിൽദാതാക്കളായ കോൺട്രാക്ടർമാരുമായി നിരന്തരമായ വാക്കുതർക്കങ്ങൾ ഉണ്ടാകുന്നു. ഇത് പതിവായതോടെ തൊഴിലാളികളുടെ ദിവസക്കൂലി തൊഴിൽവകുപ്പിന്റെ ചട്ടപ്രകാരമുള്ള നിരക്കിലേയ്ക്ക് നിജപ്പെടുത്തണമെന്ന ആവശ്യവുമായി കോൺട്രാക്ടർമാർ രംഗത്ത്.
അതിഥി തൊഴിലാളികൾ പലയിടങ്ങളിലും പല വേതനം ചോദിയ്ക്കുന്ന നിലയിലാണ്. പെരുമ്പാവൂരടക്കമുള്ള പ്രധാനപട്ടണങ്ങളിളെല്ലാം ‘ഭായി’ തൊഴിലാളികളുടെ പരമാവധി ദിവസവേതന നിരക്ക് പ്രദർശിപ്പിച്ചുകൊണ്ടുള്ള ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. ഭായിമാർ ദിവസവേതനം വർധിപ്പിച്ചതോടെ നിർമ്മാണ-വ്യവസായ മേഖലയാകെ പ്രതിസന്ധിയിലായതായി വ്യവസായികളും പറയുന്നു. കെട്ടിട നിർമ്മാണ മേഖലയിലും മറ്റും അതിഥി തൊഴിലാളികളുടെ ദിവസവേതനത്തിൽ വൻവർധനവണുണ്ടായിരിക്കുന്നത്. അനിയന്ത്രിതമായ കൂലികൂട്ടൽ തടയുക, അതിഥി തൊഴിലാളികളുടെ ദിവസക്കൂലി സംസ്ഥാന ലേബർ ആക്ട് പ്രകാരം നിജപ്പെടുത്തുക എന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
നിലവിൽ തമിഴ്നാട് ഉൾപ്പെടെയുള്ള ഇതരസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ എത്തിയിട്ടുള്ള തൊഴിലാളികൾ പ്രതിദിനം 1000 മുതൽ 1100 രൂപ വരെ വാങ്ങുന്നത് വിപണിയിൽ അസമത്വമുണ്ടാക്കുന്നതായും, ഇത് ചെറുകിട വ്യവസായങ്ങളെയും സാധാരണക്കാരായ കെട്ടിട നിർമാതാക്കളെയും കടുത്ത പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നു. തൊഴിൽ നിയമപ്രകാരം വൈദഗ്ധ്യത്തിനനുസരിച്ച് ലേബർ വകുപ്പ് നിശ്ചയിച്ചിട്ടുള്ള മിനിമം വേതന പരിധിയായ ₹550 മുതൽ ₹650 വരെ ഉള്ള നിരക്കിലേക്ക് ദിവസക്കൂലി ഏകീകരിക്കണമെന്ന ആവശ്യവുമായി തൊഴിലുടമകളും കോൺട്രാക്ടർമാരും രംഗത്തുവന്നിട്ടുണ്ട്.
കേന്ദ്ര-സംസ്ഥാന തൊഴിൽവകുപ്പിന്റെ അടിയന്തരമായ ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാകണമെന്നാണ് തൊഴിലുടമകളുടെയും കോൺട്രാക്ടർമാരുടെയും ആവശ്യം. അല്ലാത്തപക്ഷം വ്യവസായ, നിർമ്മാണമേഖലയിലെ ചെറുകിട നാമമാത്രസംരംഭങ്ങൾ നിർത്തിപ്പോകുകയെ വഴിയുള്ളൂ എന്ന് ഉടമകൾ പറയുന്നു.
