കോതമംഗലം: വീട്ടുമുറ്റത്ത് കടുവയെ കണ്ടെന്ന വീട്ടമ്മയുടെ പരാതിയെ തുടർന്ന് വനം വകുപ്പ് അധികൃതർ വീടിനോട് ചേർന്ന് മൂന്ന് നിരീക്ഷണ കാമറകൾ സ്ഥാപിച്ചു. പിണവൂർക്കുടി മുക്കത്ത് താമസിക്കുന്ന സ്വപ്ന കൃഷ്ണനാണ് തന്റെ വീട്ടുമുറ്റത്ത് കഴിഞ്ഞ ദിവസം രാത്രി കടുവയെ കണ്ടെന്ന് കാണിച്ച് വനം വകുപ്പ് അധികൃതർക്ക് പരാതി നൽകിയത്.
സ്ഥലത്തെത്തിയ വനം വകുപ്പ് അധികൃതർ സ്വപ്നയുടെ വീട്ടുമുറ്റത്തും പരിസരങ്ങളിലുമായി മൂന്ന് നിരീക്ഷണ കാമറകൾ സ്ഥാപിച്ചു. സ്ഥിരമായി കാട്ടാനശല്യം ഉണ്ടാകാറുണ്ടെന്ന് ഉന്നതിയിൽ താമസിക്കുന്നവർ പറയുന്നു. കാട്ടാന ശല്യത്തിന് പുറമെ കടുവയെ കൂടി കണ്ടതോടെ പുറത്തിറങ്ങാൻ പോലും നാട്ടുകാർക്ക് ഭയമായിരിക്കുകയാണ്.
