hms
പദ്ധതി തുടങ്ങി 12 ദിവസങ്ങൾ പിന്നിടുമ്പോൾ സ്വകാര്യ ബസ് വ്യവസായത്തിന് 25 കോടി രൂപയുടെ നഷ്ടമാണുണ്ടായത്

കെ.എസ്.ആർ.ടി.സി ഓർഡിനറി സർവീസുകളിൽ സ്ത്രീകൾക്കായി നടപ്പിലാക്കിയ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി മൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കേരള സ്റ്റേറ്റ് മോട്ടോർ ആൻ്റ് എഞ്ചിനീയറിംഗ് ലേബർ സെൻ്റർ (എച്ച്.എം.എസ്) സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. പദ്ധതി സ്ത്രീ ശാക്തീകരണത്തിന് സഹായിക്കുമെങ്കിലും, കൃത്യമായ സാമ്പത്തിക ബദലുകളില്ലാത്തത് പൊതുഗതാഗത-സ്വകാര്യ ബസ് മേഖലകളെയും തൊഴിലാളികളെയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് യോഗം വിലയിരുത്തി.


പദ്ധതി തുടങ്ങി 12 ദിവസങ്ങൾ പിന്നിടുമ്പോൾ സ്വകാര്യ ബസ് വ്യവസായത്തിന് 25 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. സർവീസ് നടത്തുന്ന 11,936 ബസുകളിൽ ഒന്നിന് പ്രതിദിനം 1500 രൂപ മുതൽ 4000 രൂപ വരെ വരുമാന നഷ്ടമുണ്ട്. പ്രതിസന്ധി താങ്ങാനാവാതെ 800-ലധികം ബസുകൾ സർവീസ് നിർത്താൻ ‘ജി-ഫോം’ സമർപ്പിച്ചു കഴിഞ്ഞു. 4000-ത്തോളം ബസുകൾ കൂടി ഇതിന് തയ്യാറെടുക്കുകയാണ്. ഒരുകാലത്ത് 30,000-ത്തിലധികം ബസുകളുണ്ടായിരുന്ന സ്ഥാനത്താണ് ഈ തകർച്ച.


ഒരു ബസ് ഓടിക്കാൻ കിലോമീറ്ററിന് 50 മുതൽ 54 രൂപ വരെ ചെലവ് വരുമ്പോൾ, ജീവനക്കാരുടെ കൂലിക്ക് മാത്രം പ്രതിദിനം 4000 രൂപ വേണം. ഇതിനിടെ ഡീസൽ വിലയിൽ ലിറ്ററിന് 7.86 രൂപ വർദ്ധിച്ചതും വ്യവസായത്തെ ബാധിച്ചു. ബജറ്റിലെ 50% നികുതി ഇളവ് ഈ പ്രതിസന്ധി മറികടക്കാൻ തികയില്ല. ഈ പരിഷ്കാരം 15 ലക്ഷത്തോളം വരുന്ന ഓട്ടോ-ടാക്സി തൊഴിലാളികളുടെ വരുമാനത്തെയും ബാധിച്ചതായി യൂണിയൻ ചൂണ്ടിക്കാട്ടി.


സൗജന്യ യാത്ര വഴി കെ.എസ്.ആർ.ടി.സിക്ക് പ്രതിവർഷം 1200 കോടിയോളം രൂപയുടെ നഷ്ടം വരുമ്പോൾ ബജറ്റിൽ വകയിരുത്തിയത് 600 കോടി രൂപ മാത്രമാണ്. ഈ സാഹചര്യത്തിൽ ‘പ്രിയദർശിനി’ പദ്ധതി വഴിയുണ്ടാകുന്ന നഷ്ടം സർക്കാർ പൂർണ്ണമായും സബ്‌സിഡിയായി നികത്തണം. കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കണം. അതോടൊപ്പം സ്വകാര്യ ബസ് വ്യവസായത്തിനും ഓട്ടോ-ടാക്സി തൊഴിലാളികൾക്കുമായി പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും സമഗ്ര പൊതുഗതാഗത നയം രൂപീകരിക്കണമെന്നും എച്ച്.എം.എസ് ആവശ്യപ്പെട്ടു.


യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് മനോജ് ഗോപിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ദേശീയ വർക്കിംഗ് കമ്മറ്റിയംഗം മനയത്ത് ചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ബിജു ആൻ്റണി റിപ്പോർട്ട് അവതരിപ്പിച്ചു. കെ.കെ. കൃഷ്ണൻ, രാജു കൃഷ്ണ, എ. രാമചന്ദ്രൻ, പി.വി തമ്പാൻ, അജി ഫ്രാൻസിസ്, ഒ. പി. ശങ്കരൻ, ഐ.എ. റപ്പായി, മലയൻകീഴ് ചന്ദ്രൻ നായർ, രവീന്ദ്രൻ കുന്നോത്ത്, കോയ അമ്പാട്ട്, രമേശൻ മട്ടന്നൂർ, മോഹൻ രാജ്, സിനിൽ കൊല്ലം എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!