മുളന്തുരുത്തി: മോഷ്ടിച്ച ബൈക്കുകളിലെത്തി പെട്രോൾ പമ്പുകൾ, വ്യാപാര സ്ഥാപനങ്ങൾ, സൂപ്പർമാർക്കറ്റുകൾ, വീടുകൾ എന്നിവിടങ്ങളിൽ വൻതോതിൽ കവർച്ച നടത്തിവന്ന സംഘത്തിലെ അഞ്ചുപേരെ മുളന്തുരുത്തി പോലീസ് പിടികൂടി. മുളന്തുരുത്തി, ആമ്പല്ലൂർ, കാഞ്ഞിരമറ്റം, അരയൻകാവ് പ്രദേശങ്ങളിൽ പെട്രോൾ പമ്പുകളിലും സൂപ്പർമാർക്കറ്റുകളും വീടുകളിലും കവർച്ച നടത്തിയ സംഘമാണ് പിടിയിലായത്.
തൃശ്ശൂർ മാമ്പ്ര ചെമ്പാട്ട് വീട്ടിൽ റിയാദ് സി.ആർ. (26), കൊടുങ്ങല്ലൂർ തകരമട വീട്ടിൽ ടി.ഐ. തൻസീർ (28), കൊടുങ്ങല്ലൂർ നെല്ലിപ്പറമ്പത്ത് എൻ.ബി. ബൈജു (29), നോർത്ത് പറവൂർ മന്നം ചന്തത്തോപ്പിൽ സി.എ. മിഥുൻ (28), മന്നം കാഞ്ഞിരപ്പറമ്പിൽ കെ.എ. നിസാർ (28) എന്നിവരാണ് അറസ്റ്റിലായത്. റിയാസ്, തൻസീർ, ബൈജു എന്നിവരാണ് ഞായറാഴ്ച വെളുപ്പിന് കവർച്ച നടത്തിയ സംഘത്തിലുണ്ടായിരുന്നത്. ഇവരിൽ നിന്നും തൊണ്ടിമുതൽ വാങ്ങിയവരാണ് മിഥുനും നിസാറും.
മുളന്തുരുത്തി പള്ളിത്താഴം ജങ്ഷനിലെ ആളൊഴിഞ്ഞ വീട് മുതൽ നീർപ്പാറയിലെ എച്ച്.പി. പമ്പ് വരെയുള്ള നിരവധി സ്ഥലങ്ങളിലെ സ്ഥാപനങ്ങളിൽ കവർച്ച നടത്തിയ പ്രതികൾ ചാലക്കപ്പാറയിൽ വ്യാപാര സമുച്ചയത്തിനു സമീപം വെച്ചിരുന്ന ബൈക്കും മോഷ്ടിച്ചു.
കവർച്ചാസംഘം സഞ്ചരിച്ച ബൈക്ക് കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇത് ആലുവ മെട്രോ റെയിൽവേ സ്റ്റേഷനിൽ നിന്നും കവർച്ച ചെയ്യപ്പെട്ടതാണെന്നു കണ്ടെത്തിയത്.
ഹെൽമെറ്റ് ധരിച്ചും വിരലടയാളം പതിയാതിരിക്കാൻ ഗ്ലൗസ് ഉപയോഗിച്ചും മൊബൈൽ ഫോണുകൾ ഒഴിവാക്കിയുമായിരുന്നു ഇവരുടെ കവർച്ച. മുളന്തുരുത്തി, അരയൻകാവ്, തൃപ്പൂണിത്തുറ, നോർത്ത് പറവൂർ, ആലുവ, കൊടുങ്ങല്ലൂർ എന്നീ സ്ഥലങ്ങളിലെ ഇരുനൂറിലധികം സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചാണ് കവർച്ചാ സംഘത്തെ പോലീസ് തിരിച്ചറിഞ്ഞത്.
പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽ നിന്നും തലയോലപ്പറമ്പ് സ്റ്റേഷൻ പരിധിയിലുള്ള വരിക്കാംകുന്ന് ഭാഗത്തെ സപ്ലൈകോ ഔട്ട്ലെറ്റിലും ഇവർ കവർച്ച നടത്തിയതായി കണ്ടെത്തി. റിയാദ് ഇതിനു മുൻപ് ബൈക്ക് മോഷ്ടിച്ചതായും സമ്മതിച്ചു. ഈ ബൈക്ക് പിന്നീട് പോലീസ് കണ്ടെത്തി.
കൊരട്ടി, മുനമ്പം, ചാലക്കുടി, ആലുവ, പൂച്ചാക്കൽ, ഊന്നുകൽ, കരിയിലക്കുളങ്ങര, എറണാകുളം നോർത്ത്, അങ്കമാലി, ചെങ്ങമനാട്, ആലങ്ങാട്, കുന്നംകുളം, പേരമംഗലം, കോട്ടയ്ക്കൽ, മാള, പുത്തൻകുരിശ്, മൂവാറ്റുപുഴ, കുറുപ്പംപടി തുടങ്ങി വിവിധ സ്റ്റേഷനുകളിലെ 24 കേസുകളിൽ പ്രതിയാണ് റിയാദ്. തൻസീറിനും വിവിധ സ്റ്റേഷനുകളിലായി 24 കേസുകളുണ്ട്. ബൈജു പതിനഞ്ച് കേസുകളിൽ പ്രതിയാണ്.
പിറവം കോടതി പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
മുളന്തുരുത്തി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. സംഗീത് പുനത്തിൽ, എസ്.ഐ.മാരായ പ്രിൻസി ആർ., പ്രവീൺ കുമാർ എന്നിവരുടെ നേതൃത്വത്തിൽ എ.എസ്.ഐ.മാരായ ജയകുമാർ, ഷാജിത്ത്, എസ്.സി.പി.ഒ.മാരായ സലീം, സിജിലാൽ, സി.പി.ഒ.മാരായ ജിൽസ്, ജിഷ്ണു, സുധീഷ്, ഷിബു എന്നിവർ ചേർന്നാണ് പ്രതികളെ പിടിച്ചത്.
