‘ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്’ പദ്ധതിയുടെ ഭാഗമായി ജില്ലാതല ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് പരിപാടി ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തി. താഴെത്തട്ടിലുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും പരിഷ്‌കാരങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിനും വേണ്ടിയാണ് കേന്ദ്ര സർക്കാർ ‘ഡിസ്ട്രിക്റ്റ് ബിസിനസ് റിഫോംസ് ആക്ഷൻ പ്ലാൻ(ഡി ബി ആർ എ പി)’ രൂപീകരിച്ചിരിക്കുന്നത്.
ജില്ലകളിൽ ബിസിനസ്സ് സുഗമമാക്കുന്നതിനും, സുതാര്യമായ ഭരണസംവിധാനം ഉറപ്പാക്കുന്നതിനും, നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും വേണ്ടിയുള്ള കൃത്യമായ പ്രവർത്തനരേഖയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നതെന്നും അഡീഷണൽ ചീഫ് സെക്രട്ടറി പറഞ്ഞു.
സമയബന്ധിതമായി സർവീസുകൾ നൽകൽ, ജില്ലാ വ്യവസായ കേന്ദ്രങ്ങളുടെ ശാക്തീകരണം, സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം സൃഷ്ടിക്കൽ, ഇൻഫ്രാസ്ട്രക്ചർ സജ്ജമാക്കൽ, പ്രോപ്പർട്ടി ഡിജിറ്റൈസേഷൻ തുടങ്ങിയ ആറ് പ്രധാന ലക്ഷ്യങ്ങളാണ് ഡിസ്ട്രിക്റ്റ് ബിസിനസ് റിഫോംസ് ആക്ഷൻ പ്ലാനിലുള്ളതെന്ന് അദ്ദേഹം കൂടിചേർത്തു.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടറും ഡിഐസി ഡയറക്ടറുമായ അരുൺ കെ വിജയൻ, ഡിബിആർഎപി കമ്മിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ ജി. പ്രിയങ്ക, കൊച്ചി ഡിസിപി അശ്വതി ജിജി, മലയാറ്റൂർ ഡി എഫ് ഒ കാർത്തിക് പനീർ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരും ഡിബിആർഎപി കമ്മിറ്റി കൺവീനറുമായ വി ആർ രാകേഷ്, കെഎസ്ഐഡിസി ജനറൽ മാനേജർ വർഗീസ് മാളാകാരൻ, വിവിധ വകുപ്പുകളിലെ ജില്ലാ നോഡൽ ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.
