കൊച്ചി: എറണാകുളം കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിലെ ഭക്ഷണമാലിന്യങ്ങള്‍ ഇനി മുതല്‍ ശാസ്ത്രീയമായി സംസ്കരിച്ച് വളമാക്കി മാറ്റും. കൊച്ചി നഗരസഭയും ഹരിതകേരളം മിഷനും സംയുക്തമായി, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ സാമ്പത്തിക സഹായത്തോടെ സ്ഥാപിച്ച ബയോ കമ്പോസ്റ്റര്‍ ബിന്‍ ജൈവമാലിന്യ സംസ്കരണ യൂണിറ്റിന്റെ ഉദ്ഘാടനം ടി.ജെ. വിനോദ് എംഎല്‍എ നിര്‍വഹിച്ചു.
കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡും പരിസരവും മാലിന്യമുക്തമാക്കുന്നതിനൊപ്പം, ശേഖരിക്കുന്ന ജൈവമാലിന്യങ്ങള്‍ പരിസ്ഥിതിക്ക് ദോഷമില്ലാത്ത രീതിയില്‍ പുനരുപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.
യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമവും ശാസ്ത്രീയവുമായി മുന്നോട്ട് കൊണ്ടുപോകുന്നതിനായി കെഎസ്ആര്‍ടിസിയിലെ ബന്ധപ്പെട്ട ജീവനക്കാര്‍ക്ക് ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനവും നല്കി. ചടങ്ങില്‍ കൊച്ചിന് നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സീന ഗോകുലന് അധ്യക്ഷയായി.
