സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് സ്ലോട്ടുകളിൽ മാറ്റം വരുത്തി സർക്കാർ. ഡ്രൈവിങ് ടെസ്റ്റിന് സ്ലോട്ട് കിട്ടുന്നില്ലെന്ന പരാതി വ്യാപകമായതിനെ തുടർന്നാണ് മുൻ ഗതാഗത മന്ത്രി ഗണേഷ് കുമാറിൻ്റെ ഉത്തരവ് പുതിയ സർക്കാർ തിരുത്തിയത്. എല്ലാ ജില്ലയിലും ആഴ്ചയിൽ 5 ദിവസവും ഡ്രൈവിങ് ടെസ്റ്റ് നടത്താൻ മോട്ടർവാഹന വകുപ്പ് തീരുമാനിച്ചു. നിലവിൽ 3 മുതൽ 5 വരെ ദിവസങ്ങളിലായിരുന്നു ടെസ്റ്റ് നടക്കുന്നുണ്ടായത്.
പ്രതിദിന ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം 40 ൽ നിന്ന് 50 ആയി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഡ്രൈവിങ് ടെസ്റ്റുകൾ വൈകുന്നു എന്ന പരാതി വ്യാപകമായതിനെത്തുടർന്നാണ് നിലവിലെ രീതിയിൽ മാറ്റം വരുത്തി സർക്കാർ പുതിയ സർക്കുലർ ഇറക്കിയത്. 28 പുതിയ അപേക്ഷകർക്കും റീ ടെസ്റ്റിനു ഹാജരാകുന്ന 20 പേർക്കും, വിദേശത്ത് തൊഴിലിനോ പഠനത്തിനോ പോകുന്ന 2 പേർക്കുമാണ് ഒരുദിവസം ടെസ്റ്റിന് അവസരം ലഭിക്കുക.
ടെസ്റ്റിന് ബുക്ക് ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ടെസ്റ്റിനുള്ള സ്ലോട്ടുകൾ ലഭ്യമാക്കുന്ന രീതിയിലാണ് പുതിയ മാറ്റം. റീ ടെസ്റ്റ് എടുക്കുന്നവർക്ക് എട്ട് ദിവസത്തിനുള്ളിലും ലേണേഴ്സ് ടെസ്റ്റ് എടുക്കുന്നവർക്ക് മൂന്ന് ദിവസത്തിനുള്ളിലും സ്ലോട്ട് അനുവദിക്കും.
ഓൺലൈൻ പരീക്ഷാ സെന്ററുകളുടെ എണ്ണം വർധിപ്പിക്കുന്നതനുസരിച്ച്, ലേണേഴ്സ് ലൈസൻസ് ടെസ്റ്റ് എഴുതുന്നവർക്ക് ഫേഷ്യൽ റെക്കഗ്‌നിഷൻ ബേസ്ഡ് ഓതന്റിക്കേഷൻ (മുഖം തിരിച്ചറിയൽ) സംവിധാനവും നടപ്പാക്കും. പരീക്ഷയ്ക്കും മുൻപും പരീക്ഷ നടക്കുന്നതിനിടയിലും മുഖം തിരിച്ചറിയൽ പരിശോധനയുണ്ടാകും.
