കോതമംഗലം: മഴക്കുറവിനെ തുടർന്ന് പെരിയാറിൽ ജലനിരപ്പ് താഴ്ന്നതോടെ ഭൂതത്താൻകെട്ട് ഡാമിന്റെ 15 ഷട്ടറുകളിൽ 12 എണ്ണവും അടച്ചു. മുൻകാലങ്ങളിൽ എല്ലാ വർഷവും ഈ കാലയളവിൽ ഡാമിന്റെ 15 ഷട്ടറുകളും തുറന്നിടുന്നതാണ്. എന്നാൽ ഈ വർഷം കാലവർഷം ദുർബലമായതിനാൽ ഇന്നലെ രാവിലെ മൂന്ന് ഷട്ടറുകൾ മാത്രമാണ് തുറന്നിട്ടിരുന്നത്. പെരിയാറിലേക്കുള്ള നീരൊഴുക്കും ഇടമലയാർ പവർ ഹൗസിൽ വൈദ്യുതി ഉത്പാദനം കുറവായതിനാൽ അവിടെ നിന്ന് പെരിയാറിലേക്ക് എത്തുന്ന വെളളത്തിന്റെ അളവും കുറവാണ്. മഴക്കാലത്ത് നിറയാറുള്ള കല്ലാർകുട്ടി, ലോവർപെരിയാർ ഡാമുകളിൽ നിന്നുള്ള അധികജലവും താഴേക്ക് എത്തുന്നില്ല. കീരമ്പാറ ഉൾപ്പെടെയുള്ള പെരിയാറിൽ നിന്നുള്ള കുടിവെള്ള പദ്ധതികളെ പ്രതിസന്ധിയിലാക്കുമെന്നതും ഭൂതത്താൻകെട്ടിന്റെ ഷട്ടറുകൾ അടച്ചിടാൻ മറ്റൊരു കാരണമാണ്.
