ആലങ്ങാട്: സ്വർണമാല മോഷ്ടിച്ചെന്ന് ആരോപിച്ച് സഹോദരിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ സഹോദരനും ഭാര്യയ്ക്കുമെതിരെ പൊലീസ് കേസെടുത്തു. ആലങ്ങാട് കുന്നേൽ പള്ളിക്കു സമീപം വാടകയ്ക്കു താമസിക്കുന്ന കുരിശിങ്കൽ വീട്ടിൽ ജോമോൾക്കാണു മർദനമേറ്റത്. പരാതിയെ തുടർന്നു യുവതിയുടെ സഹോദരനായ ആലങ്ങാട് കുന്നേൽ ജോയ്സൺ, ഭാര്യ റെയ്ന എന്നിവർക്കെതിരെയാണ് കേസെടുത്തത്. സഹോദരനും ഭാര്യയും ചേർന്നു യുവതിയെ ക്രൂരമായി മർദിക്കുകയും വിലപിടിപ്പുള്ള മൊബൈൽ ഫോൺ എറിഞ്ഞു തകർക്കുകയും ചെയ്തതായി പരാതിയിലുണ്ട് മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ഇരുവരും തമ്മിൽ കുടുംബത്തർക്കം നിലനിന്നിരുന്നു. ഇതിനിടെയാണു കഴിഞ്ഞദിവസം മാല മോഷണം പോയതായി ആരോപണം ഉയർന്നത്. തുടർന്നുള്ള തർക്കമാണു മർദനത്തിൽ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു. മാല എടുത്തില്ലെന്നു പറഞ്ഞെങ്കിലും സഹോദരനും ഭാര്യയും അതു വിശ്വസിക്കാൻ തയാറായില്ലെന്നും പൊലീസിൽ പരാതി നൽകാൻ കൂട്ടുകാരിയെ വിളിച്ചു വരുത്തിയപ്പോഴാണ് ഇരുവരും ചേർന്നു ക്രൂരമായി മർദിച്ചതെന്നും പരാതിയിലുണ്ട്.
സുഹൃത്തായ ആതിരയ്ക്കും ഇവരിൽ നിന്നു മർദനമേറ്റതായി പരാതിയുണ്ട്. അതേസമയം, കഴിഞ്ഞ ദിവസം രാത്രി പൊലീസ് വീട്ടിൽ നടത്തിയ പരിശോധനയിൽ മാല കട്ടിലിന്റെ അടിയിൽ നിന്നു കണ്ടെത്തി. കൂടാതെ മാല മുക്കുപണ്ടമാണെന്നും തെളിഞ്ഞു. സഹോദരനും ഭാര്യയും ചേർന്നു സഹോദരിയെ കുടുക്കാൻ ശ്രമിച്ചതാണെന്നു പൊലീസ് പറഞ്ഞു.
