കോതമംഗലം: കോഴിപ്പിള്ളി പുഴയിൽ ചെളിയും മണലും അടിഞ്ഞ് കൂടി പമ്പിംഗ് തടസപ്പെടുന്നതിനാൽ കുടിവെള്ള വിതരണം പ്രതിസന്ധിയിൽ. കോതമംഗലത്തെ കുടിവെള്ള വിതരണം പ്രധാനമായും കോഴിപ്പിള്ളി പുഴയിൽ നിന്ന് പമ്പ് ചെയ്ത് ശുദ്ധീകരിക്കുന്ന വെള്ളത്തെ ആശ്രയിച്ചാണ്.
കോഴിപ്പിള്ളി പാലത്തിനോട് ചേർന്നുള്ള ഭാഗത്തുനിന്നാണ് പമ്പിംഗ് നടത്തുന്നത്. എന്നാൽ നിലവിൽ പുഴയിൽ ചെളിയും മണ്ണും അടിഞ്ഞുകൂടിയതിനാൽ പുഴയുടെ ആഴം ഗണ്യമായി കുറഞ്ഞു. സമയബന്ധിതമായി ചെളിയും മണ്ണും നീക്കം ചെയ്തില്ലെങ്കിൽ പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാകാനുള്ള സാധ്യതയാണുള്ളത്.
മഴക്കാലമാകുന്നതോടെ പുഴയുടെ ആഴക്കുറവ് വെള്ളപ്പൊക്ക സാധ്യതയും വർധിപ്പിക്കും. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി പുഴയിൽ അടിഞ്ഞ് കൂടിയിട്ടുള്ള ചെളിയും മണ്ണും നീക്കം ചെയ്ത് പുഴയുടെ സ്വഭാവിക ആഴം പുനഃസ്ഥാപിക്കണം. ബന്ധപ്പെട്ട അധികാരികൾ നടപടി സ്വീകരിക്കണമെന്ന് വാർഡ് കൗൺസിലർ ഷിബു കുര്യാക്കോസ് ആവശ്യപ്പെട്ടു.
