ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ബോണസും അഡ്വാൻസും പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. അർഹരായ ജീവനക്കാർക്ക് 4500 രൂപ ബോണസ് ലഭിക്കും. ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 3000 രൂപ നല്കും. സർവ്വീസ് പെൻഷൻകാർക്ക് 1250 രൂപയാണ് പ്രത്യേക ഉത്സവബത്ത. സംസ്ഥാനത്തെ മുഴുവൻ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20000 രൂപ ലഭിക്കും. ഓഗസ്റ്റ് 17 മുതലാണ് തുക വിതരണം ചെയ്ത് തുടങ്ങുക.
സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഓണം ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ധനകാര്യ വകുപ്പ് ഉത്തരവിറക്കി. 6 മാസം സേവനം പൂർത്തിയാക്കിയ കരാർ ജീവനക്കാർക്കും ഉത്സവബത്ത ലഭിക്കും. ആയമാർ, സ്കൂളുകളിലെ ഉച്ചഭക്ഷണ തൊഴിലാളികൾ എന്നിവർക്ക് 1,550 രൂപ ഉത്സവബത്ത കിട്ടും. ആശാ വർക്കർമാർ, അംഗൻവാടി ഹെൽപ്പർമാർ, ആയമാർ എന്നിവർക്ക് 1,450 രൂപ കിട്ടും. മുഴുവൻ സർക്കാർ ജീവനക്കാർക്കും ഇരുപതിനായിരം രൂപ ഓണം അഡ്വാൻസായി കിട്ടും. ഈ തുക അഞ്ച് തുല്യ പ്രതിമാസ ഗഡുക്കളായി തിരിച്ചുപിടിക്കും. പാർട്ട് ടൈം ജീവനക്കാർ, സീസണൽ വർക്കർമാർ എന്നിവരുൾപ്പെടുന്ന വിഭാഗങ്ങൾക്ക് ആറായിരം രൂപ ഓണം അഡ്വാൻസായി കിട്ടും.
