അടിമാലി: ജോലി നൽകാമെന്ന് കത്തയച്ചു, വിളിച്ചു വരുത്തി; ഒടുവിൽ ഒഴിവില്ലെന്ന് പറഞ്ഞ് വനിതാ ഉദ്യോഗാർഥികളെ പറ്റിച്ച് അടിമാലി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്. നെടുമ്പാശേരി എയർപോർട്ട് സർവീസസിൽ ജോലിക്കായാണ് ഹർത്താൽ ദിനത്തിൽ എംപ്ലോയ്മെന്റ് ഓഫിസിൽ അഭിമുഖം ഉണ്ടെന്ന് അറിയിച്ചത്. എയർപോർട്ട് സർവീസസിൽ ഹാൻഡി മാൻ, ഹാൻഡി വുമൻ തസ്തികയിലേക്കായിരുന്നു അഭിമുഖം. കരാർ നിയമനത്തിലെ ജോലിക്ക് നിശ്ചിത ശാരീരിക ഉയരം വേണം എന്നാണ് യോഗ്യതയായി ഉദ്യോഗാർഥികൾക്ക് അയച്ച കത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ഹർത്താൽ ദിനമായതിനാൽ പല സ്ഥലങ്ങളിലും ബസ് സർവീസ് ഇല്ലെന്ന് മനസ്സിലാക്കി ഉദ്യോഗാർഥികൾ തലേന്ന് എത്തി മുറിയെടുത്ത് അഭിമുഖത്തിന് തയാറായി. അറിയിച്ചിരുന്നതിലും നേരത്തേ ഓഫിസിലും എത്തി. എന്നാൽ, തസ്തികയിലേക്ക് വനിതകൾക്ക് അവസരമില്ലെന്നാണ് കത്തയച്ച അടിമാലി ടൗൺ എംപ്ലോയ്മെന്റ് ഓഫിസിൽനിന്ന് ഇവരോട് പറഞ്ഞത്. 25ൽ അധികം വനിതാ ഉദ്യോഗാർഥികൾ ഇതോടെ സങ്കടത്തിലായി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് അധികൃതരുടെ നടപടിക്ക് എതിരെ പരാതി നൽകാൻ ഒരുങ്ങുകയാണ് ഇവർ.
