February 7, 2026
rosamma ulahannan
അവയവം ദാനം ചെയ്യാൻ സന്നദ്ധരായ ബന്ധുക്കളോട് ആരോഗ്യ മന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു.

വാഹനാപകടത്തെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച റോസമ്മ ഉലഹന്നാൻ (66), അവയവങ്ങൾ ദാനം ചെയ്തു. കോട്ടയം പാലാ മുണ്ടുപാലം പുത്തേട്ടുകുന്നേൽ വീട്ടിൽ റോസമ്മ ഉലഹന്നാന്റെ രണ്ട് വൃക്കകൾ, കരൾ, രണ്ട് നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്ക കോട്ടയം ഗവ. മെഡിക്കൽ കോളജിലേക്കും മറ്റൊരു വൃക്ക അമൃത ആശുപത്രിയിലേക്കും ഒരു കരൾ കോട്ടയം കാരിത്താസ് ആശുപത്രിയിലേക്കും രണ്ട് നേത്രപടലങ്ങൾ കോട്ടയം ചൈതന്യ കണ്ണാശുപത്രിലേക്കുമാണ് നൽകിയത്.

തീവ്ര ദുഃഖത്തിലും അവയവം ദാനം ചെയ്യാൻ സന്നദ്ധരായ ബന്ധുക്കളോട് ആരോഗ്യ മന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു. റോസമ്മ ഉലഹന്നാന് ആദരാഞ്ജലികൾ അർപ്പിക്കുകയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു.

നവംബർ അഞ്ചിന് രാത്രി 10.30നാണ് അപകടമുണ്ടായത്. കടയിലെ ജോലി കഴിഞ്ഞ് ഭർത്താവ് ഉലഹന്നാൻ ജോസിനൊപ്പം ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. പാലാ സിവിൽ സ്റ്റേഷനു സമീപം സാധനങ്ങൾ വാങ്ങാനായി ഉലഹന്നാൻ ഓട്ടോറിക്ഷ നിർത്തിയ സമയത്ത്, ഓട്ടോയുടെ പിന്നിൽ കാർ ഇടിക്കുകയായിരുന്നു.

Sponsored

സംഭവ സമയം റോസമ്മ ഓട്ടോറിക്ഷയിൽ ഇരിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ റോസമ്മയെ ഉടൻ തന്നെ പാലായിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കാരിത്താസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നവംബർ 11ന് മസ്തിഷ്കമരണം സ്ഥിരീകരിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങൾ അവയവദാനത്തിന് സമ്മതം അറിയിക്കുകയായിരുന്നു. കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷനന്റെ (കെ-സോട്ടോ) നേതൃത്വത്തിലാണ് അവയവദാന നടപടിക്രമങ്ങൾ പൂർത്തിയായത്.

Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!