എറണാകുളം മരടിൽ കല്യാണദിനത്തിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലായ പ്രതിശ്രുത വധുവിനെ നിശ്ചയിച്ച സമയത്തുതന്നെ ആശുപത്രി മുറിയിൽ താലി ചാർത്തി വരൻ. ആലപ്പുഴ തുമ്പോളി മുതലശേരി വീട്ടിൽ ജഗദീശിന്‍റെ മകൾ ആവണി തുമ്പോളി സ്വദേശിയായ ഷാരോൺ ഇവരുടെ വിവാഹമായിരുന്നു ഇന്ന് ഉച്ചയ്ക്ക് 12.15നും 12.30നും ഇടയിലുള്ള മുഹൂർത്തത്തിൽ ആലപ്പുഴ ശക്തി ഓഡിറ്റോറിയത്തിൽ വച്ച് നടക്കാനിരുന്നത്.

വിവാഹത്തിന് അണിഞ്ഞൊരുങ്ങാനായി വെള്ളിയാഴ്ച പുലർച്ചെ ബ്യൂട്ടിപാർലറിലേക്കു പോകും വഴി ആവണി സഞ്ചരിച്ച കാർ നിയന്ത്രണം വിട്ടു മരത്തിലിടിക്കുകയായിരുന്നു. അപകടത്തിൽ നട്ടെല്ലിന് പരിക്കേറ്റ ആവണിയെ എറണാകുളം ലേക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് നിശ്ചയിച്ച സമയത്തുതന്നെ താലി ചാർത്താനായി ഷാരോണും ബന്ധുക്കളും ആശുപത്രിയിലേക്കെത്തിയത്.

തീവ്രപരിചരണ വിഭാഗത്തിലായിരുന്ന ആവണിയുടെ കഴുത്തിൽ ഉച്ചയ്ക്ക് 12.30 നു ഷാരോൺ താലി ചാർത്തി ജീവിതത്തിലേക്കു കൂടെ കുട്ടുകയായിരുന്ന. വിവാഹത്തിൽ പങ്കെടുക്കാനായി ആലപ്പുഴ ശക്തി ഓഡിറ്റോറിയത്തിൽ എത്തിച്ചേർന്ന ബന്ധുമിത്രാദികൾക്കു വധൂവരന്മാരുടെ അഭാവത്തിൽ ബന്ധുക്കൾ മുൻകൈയെടുത്ത് സദ്യ വിളമ്പി.

ഷാരോണും അടുത്ത ബന്ധുക്കളും ആവണിക്ക് താങ്ങായി ആശുപത്രിയിൽതന്നെ നിലയുറപ്പിച്ചു. അപകടത്തിൽ ആവണിയുടെ പിതാവിന്‍റെ സഹോദരിക്കും പരുക്കുണ്ട്. ഇവരും ആശുപത്രിയിൽ ചികിത്സയിലാണ്.

