കോതമംഗലം: കേരളത്തിലെ ആദ്യത്തെ ബൗസ്ട്രിംഗ് ആർച്ച് ബ്രിഡ്ജ് (വില്ലിന്റെ ഞാൺ പോലെയുള്ള ആർച്ച് പാലം) നേര്യമംഗലത്ത് ഓഗസ്റ്റിൽ നിർമാണം പൂർത്തിയാകുമെന്ന് സ്ഥലം സന്ദർശിച്ച് നിർമാണ പുരോഗതി വിലയിരുത്തിയ ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു. 42 മീറ്റർ നീളത്തിലുള്ള അഞ്ച് സ്പാനുകൾ കൂടി ചേർത്ത് ആകെ 214 മീറ്റർ നീളത്തിൽ ഉള്ള പാലം 13 മീറ്റർ വീതിയിലാണ് പൂർത്തീകരിക്കുന്നത്. ഇതിൽ എട്ട് മീറ്റർ വാഹനങ്ങൾ കടന്നുപോകുന്നതിനായുളള വീതിയാണ്.
ഇപ്പോഴുള്ള പാലത്തിന് ആകെ നാല് മീറ്ററാണ് വീതി. ഇരു വശങ്ങളിലുമായി 1.5 മീറ്റർ വീതിയിൽ നടപ്പാതയും നിർമിക്കും. നിലവിൽ മൂന്ന് ബൗസ്ട്രിംഗ് ആർച്ച് ഘടിപ്പിക്കുന്ന ജോലി പൂർത്തീകരിച്ചിട്ടുണ്ട്. നാലാമത്തെ സ്പാനിനുള്ള ആർച്ച് ഘടിപ്പിക്കൽ ഈ ആഴ്ച തന്നെ പൂർത്തീകരിക്കും. തുടർന്ന് അഞ്ചാം ആർച്ചും ഘടിപ്പിച്ച് പാലത്തിൽ പാകിയിട്ടുള്ള സ്റ്റീൽ പ്രതലത്തിൽ കോൺക്രീറ്റിംഗ് കൂടി ചെയ്താൽ പിന്നീട് അന്തിമ ഘട്ടത്തിൽ ഉള്ള പ്രവർത്തികൾ മാത്രമേ ബാക്കിയുള്ളൂ.
2027 മാർച്ച് വരെ കരാർ കമ്പനിക്ക് കാലാവധി ദീർഘിപ്പിച്ച് നൽകിയിട്ടുണ്ടെങ്കിലും ഓഗസ്റ്റിൽ തന്നെ പണി പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രോജക്ട് എൻജിനീയർ മുരളി വ്യക്തമാക്കിയതായി എംപി പറഞ്ഞു. കവളങ്ങാട് പഞ്ചായത്ത് മുൻ പ്രസിഡന്റ് സൈജന്റ് ചാക്കോ, ജൈമോൻ ജോസ്, ബേസിൽ പറേക്കുടി, ലിനോ തോമസ് എന്നിവരും എംപിയോടൊപ്പം ഉണ്ടായിരുന്നു.
