മൂവാറ്റുപുഴ: വനിതാ ജനപ്രതിനിധിയുടെ വസ്ത്രധാരണത്തെ അധിക്ഷേപിച്ചെന്ന പരാതിയിൽ മൂവാറ്റുപുഴ പോലീസ് കേസെടുത്തു. പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് അസീസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്താനും അധിക്ഷേപിക്കാനും ശ്രമിച്ച വ്യാജ പ്രൊഫൈലുകൾ കേന്ദ്രീകരിച്ചാണ് സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് അന്വേഷണം നടത്തുന്നത് .
മുസ്ലിം ലീഗ് എംഎൽഎമാർ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതും പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് പർദയ്ക്കു പകരം ചുരിദാർ ധരിച്ച് പൊതുവേദികളിൽ എത്തുന്നതും പരാമർശിച്ചാണു സമൂഹമാധ്യമങ്ങളിൽ മോശമായ രീതിയിൽ അഭിപ്രായപ്രകടനങ്ങൾ നടത്തിയത്. സിപിഎം മുളവൂർ ലോക്കൽ സെക്രട്ടറി പഞ്ചായത്തിലെ ചില വാർഡുകളിലെ പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാകുന്നതുമായി ബന്ധപ്പെട്ട് ഇട്ട ഫെയ്സ്ബുക് പോസ്റ്റിന്റെ കീഴിലാണ് പുതുയുഗം മുളവൂർ എന്ന പ്രൊഫൈലിൽ നിന്ന് കമന്റ് രേഖപ്പെടുത്തിയത്.
