കോതമംഗലം: നെല്ലിക്കുഴി തൃക്കാരിയൂരിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വയോധിക മരിച്ച സംഭവത്തെ തുടർന്ന് പൊതു കിണറുകളും സ്വകാര്യ കിണറുകളും ഉൾപ്പെടെ പഞ്ചായത്തിലെ മുഴുവൻ കുടിവെള്ള സ്രോതസുകളും മറ്റു ജലസ്രോതസുകളും വൃത്തിയാക്കി ക്ലോറിനേഷൻ ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കാൻ തൃക്കാരിയൂർ ഹെൽത്ത് സെന്ററിൽ അടിയന്തരയോഗം തീരുമാനിച്ചു.
രോഗം പിടിപെട്ട ഉറവിടം കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ മലിനജലം കെട്ടിക്കിടക്കാതിരിക്കുന്നതിനും പൊതുജനങ്ങളിലേക്ക് കൃത്യമായ ബോധവൽക്കരണം എത്തിക്കുന്നതിനും ആശാ പ്രവർത്തകരുടെ നേതൃത്വത്തിൽ കുടുംബശ്രീ പ്രവർത്തകരെയും ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു ബോധവൽക്കരണ ടീം രൂപീകരിക്കുന്നതിന് യോഗം തീരുമാനിച്ചു.
കൂടുതൽ ആളുകളിലേക്ക് ബോധവൽക്കരണം എത്തിക്കുന്നതിനായി പൊതുജനങ്ങളിൽ നിന്ന് കൂടുതൽ വോളണ്ടിയർമാരെ ആവശ്യമെങ്കിൽ പഞ്ചായത്ത് കമ്മറ്റിക്ക് രൂപംനൽകും. കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തിയ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സനീറ നസീർ, വൈസ് പ്രസിഡന്റ് അബു കൊട്ടാരം, സ്ഥിരം സമിതി ചെയർമാൻമാരായ സത്താർ വട്ടകൂടി, ഫൗസിയ ഷിയാസ്, സൽജാ ജോസ്, വാർഡ് മെമ്പർമാരായ ശോഭ രാധാകൃഷ്ണൻ, സന്ധ്യാ സുനിൽ, ആന്റണി ജോസഫ്, രാഹുൽ തങ്കപ്പൻ, മെഡിക്കൽ ഓഫീസർ ഡോ. സരിൻ ജോയി, ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ പങ്കെടുത്തു.
