കൊച്ചി: യാത്രയ്ക്കായി ഓട്ടോറിക്ഷയിൽ കയറിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. പനങ്ങാട് നടുത്തുരുത്തി റോഡിൽ വെളിയത്ചിറ വീട്ടിൽ മിഥുൻ പ്രകാശ് (34) നെയാണ് പനങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
വൈറ്റിലയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് പോകാനായി വൈറ്റിലയിൽ നിന്ന് വിളിച്ച ഓട്ടോറിക്ഷയിൽ സഞ്ചരിക്കവേ, ഇയാൾ വഴി തെറ്റിച്ച് പനങ്ങാട് ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. അതിക്രമത്തിനിടെ ബഹളം വച്ചതോടെ പ്രതി യുവതിയെ അടുത്തുള്ള ഒരിടത്ത് ഇറക്കിവിടുകയായിരുന്നു.
സംഭവ ശേഷം മുങ്ങിയ പ്രതി ഇടുക്കി ജില്ലയിലുൾപ്പെടെ പല സ്ഥലങ്ങളിലും ഒളിവിൽ താമസിച്ചു വരികയായിരുന്നു. അതിനിടെ എറണാകുളത്ത് ചിറ്റൂർ ഭാഗത്ത് ഇയാൾ വന്നു പോകുന്നുണ്ടെന്നുള്ള വിവരത്തെ തുടർന്നുള്ള പരിശോധനയിലാണ് പിടിയിലായത്.
സ്വകാര്യ ബസിലെ ജീവനക്കാരനായ ഇയാൾക്കെതിരേ അടിപിടിയുൾപ്പടെ മറ്റു കേസുകളും ഉള്ളതായി പനങ്ങാട് സിഐ വിമൽ പറഞ്ഞു.
