Untitled - 31 December 2025 at 00.31.12
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിനെ തുടർന്ന് പ്രതിസന്ധിയിലായ പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ബോയ്സ് ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്ക് ജില്ലാ പഞ്ചായത്തിന്റെ ഇടപെടലിൽ താൽക്കാലിക ആശ്വാസം.

സ്കൂൾ ആവശ്യത്തിനായി ആദിവാസി സമുദായാംഗങ്ങൾ  വിട്ടുനൽകിയ 50 സെന്റ് സ്ഥലത്താണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്. 2002-ൽ നിർമ്മാണം ആരംഭിച്ച കെട്ടിടം, 2010-15 കാലയളവിൽ മുൻ എംഎൽഎ ടി.യു. കുരുവിളയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് പൂർത്തിയാക്കിയത്. എന്നാൽ പട്ടികജാതി വികസന വകുപ്പിന്റെ കൈവശമുണ്ടായിരുന്ന ഈ കെട്ടിടം പണി കഴിഞ്ഞിട്ടും തുറക്കാതിരുന്നതോടെ കാടുകയറി നശിക്കുകയായിരുന്നു.
നിലവിലെ ബോയ്സ് ഹോസ്റ്റൽ കെട്ടിടത്തിന് ഫിറ്റ്നസ് നഷ്ടപ്പെട്ടതോടെയാണ് വിദ്യാർത്ഥികളെ അടിയന്തരമായി ഇങ്ങോട്ട് മാറ്റാൻ എറണാകുളം ജില്ലാ പഞ്ചായത്ത് തീരുമാനിച്ചത്. പഴയ ഹോസ്റ്റൽ സ്ഥാനത്ത് പുതിയ കെട്ടിടം വരും വരെയാണ് ഈ ക്രമീകരണം.

എറണാകുളം ജില്ലാ പഞ്ചായത്ത്, കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്, കോതമംഗലം എം.എ. കോളേജ് എന്നിവർ സംയുക്തമായാണ് നവീകരണ പ്രവർത്തനങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ചുറ്റുമതിൽ, വൈദ്യുതി, കുടിവെള്ളം എന്നിവ ലഭ്യമാക്കാനുള്ള ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്.

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാധാകൃഷ്ണൻ, ഡിവിഷൻ മെമ്പർ സൗമ്യ ശശി, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മേരി കുര്യാക്കോസ്, വാർഡ് മെമ്പർ ബിന്ദു രാജേന്ദ്രൻ എന്നിവരടങ്ങുന്ന ജനപ്രതിനിധി – ഉദ്യോഗസ്ഥ സംഘം ഹോസ്റ്റൽ പരിസരം സന്ദർശിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!