അങ്കമാലി: ഹാട്രിക് വിജയത്തോടൊപ്പം സംസ്ഥാന മന്ത്രി സ്ഥാനവും ലഭിച്ചതിന്റെ സന്തോഷ നിറവിലാണ് അങ്കമാലി എംഎൽഎ റോജി എം. ജോണും യുഡിഎഫ് നേതാക്കളും അനുയായികളും.
തനിക്ക് ലഭിച്ച ജനകീയ പിന്തുണയുടെ നന്ദിയും അദ്ദേഹം പ്രകടിപ്പിച്ചു.
കഴിഞ്ഞ 10 വർഷംകൊണ്ട് അങ്കമാലിയുടെ ഒട്ടേറെ കാര്യങ്ങളിൽ മുന്നിട്ടിറങ്ങാനും നിറസാന്നിധ്യമാകാനും കഴിഞ്ഞു. ഇനി അങ്കമാലിയുടെ വികസന കാര്യങ്ങളിൽ കൂടുതൽ ഇടപെടലുകൾ നടത്താൻ കഴിയും. അങ്കമാലിക്കാരുടെ നാളിതുവരെയുള്ള അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവും തനിക്ക് മറക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
എറണാകുളം ജില്ലയിൽ യുഡിഎഫ് സ്ഥാനാർഥികൾ കൈവരിച്ച വിജയവും ഇത്തവണ ഒട്ടേറെ യുവ നേതാക്കൾക്ക് അവസരം അത്യധികം ലഭിച്ചതും ഏറെ സന്തോഷകരമാണ്.
ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഭരണ നിർവഹണ കാര്യങ്ങളിലും തന്നിൽ നിക്ഷിപ്തമായിരിക്കുന്ന വകുപ്പുതല പ്രവർത്തനങ്ങളിലും സജീവ പങ്കാളിത്തവും ഇടപെടലുകളും ഉറപ്പായും പ്രതീക്ഷിക്കാമെന്നും റോജി എം. ജോൺ പറഞ്ഞു.
