കൊച്ചി: കൊച്ചി നഗരത്തിലെ ഡിജെ പാര്‍ട്ടികള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്. രാത്രി 11ന് ശേഷം ഡിജെ പാര്‍ട്ടികള്‍ അനുവദിക്കില്ലെന്നും നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ്കുമാര്‍ വ്യക്തമാക്കി.
ലഹരി ഉപയോഗവും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പോലീസിന്റെ നടപടി. ഓപ്പറേഷന് തൂഫാന്റെ ഭാഗമായാണ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയത്. നേരത്തെ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ പബ്ബുകള്‍ക്ക് ഇളവുകള്‍ ലഭിച്ചിരുന്നെങ്കിലും പുതിയ ഉത്തരവ് പ്രകാരം എല്ലാ പബ്ബുകളും പോലീസ് നിരീക്ഷണത്തിലായിരിക്കും. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് നീക്കം.
ലഹരി മരുന്ന് വില്പനക്കാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് പിന്നാലെ നഗരത്തിലെ ഡിജെ പാര്‍ട്ടികള്‍ രാത്രി 11ന് തന്നെ അവസാനിപ്പിക്കണമെന്ന് കഴിഞ്ഞ മാസം 28ന് എറണാകുളം സെന്‍ട്രല്‍ എസിപി ഉത്തരവ് ഇറക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് നിലവിലെ നടപടികള്‍.
