കോതമംഗലം: മാമലക്കണ്ടത്ത് കാട്ടാനക്കൂട്ടം വീട് ആക്രമിച്ചു. ചാമപ്പാറ മാവിന്‍ചുവട് കോട്ടയ്ക്കകത്ത് ഡെനീഷ് ജോസഫിന്റെ വീടാണ് തകര്‍ത്തത്. പലവട്ടം കാട്ടാനകൾ ആക്രമിച്ച വീടാണിത്. സംഭവ സമയം വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്നലെ രാവിലെ 6.45ഓടെയായിരുന്നു സംഭവം.
ഡെനീഷിന്റെ പിതാവ് ജോസഫ് ആണ് ഇവിടെ താമസിച്ചിരുന്നത്. കാന്‍സര്‍ ബാധിതനായ ജോസഫിനെ ആശുപത്രിയില്‍ കൊണ്ടുപോയ ശേഷം തിരികെ എത്തി അന്നു രാത്രി ഡെനീഷിന്റെ വീട്ടിലാണ് താമസിച്ചത്. ഇന്നലെ പുർച്ചെ വീട്ടിലേക്ക് തിരികെ എത്തിയപ്പോള്‍ വീട്ടുമുറ്റത്തും പരിസരത്തുമായി ആനക്കൂട്ടം നില്‍ക്കുന്നതാണ് കണ്ടതെന്ന് ഡെനീഷ് പറഞ്ഞു. വീട് വാസയോഗ്യമല്ലാത്ത വിധം തകർത്ത നിലയിലാണ്. ഒച്ചവച്ചാണ് ആനക്കൂട്ടത്തെ തുരത്തിയത്.
എട്ട് മാസത്തിനിടെ നാലാം തവണയാണ് ഡെനീഷിന്റെ വീട് ആനക്കൂട്ടം തകര്‍ക്കുന്നത്. ഇതിന് മുമ്പ് ഫെബ്രുവരിയിലായിരുന്ന ആക്രമണം. ഇക്കുറി വീടിന്റെ മൂന്നു ജനല്പ്പാളികളും ഭിത്തിയും തകര്‍ത്തു. അരിയും പലവ്യഞ്ജനങ്ങളും പാത്രങ്ങളും റേഷന്‍ കാര്‍ഡും പത്ത് ദിവസത്തേക്ക് വാങ്ങിയ 4000 രൂപ വിലയുള്ള മരുന്നടക്കം പൂര്‍ണമായും നശിപ്പിച്ചു. മൂന്നു തവണ ആനക്കൂട്ടം വീട് തകര്‍ത്തിട്ടും വനം വകുപ്പ് അധികൃതര്‍ എത്തി പരിശോധന നടത്തി പോയെങ്കിലും പട്ടയം ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഇതുവരെ യാതൊരുവിധ സാമ്പത്തിക സഹായവും നല്‍കിയിട്ടില്ലെന്ന് ഡെനീഷ് പറഞ്ഞു.
ആന പുരയിടത്തില്‍ പ്രവേശിക്കാതിരിക്കാന്‍ ട്രഞ്ച് താഴ്ത്താനും പുരയിടത്തിലെ മരംമുറിക്കാനും വനം വകുപ്പ് അധികൃതര്‍ അനുമതി നൽകുന്നില്ല. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിരുത്തരവാദപരമായ നടപടിയില്‍ പ്രതിഷേധിച്ച് നാളെ കുട്ടമ്പുഴ ഫോറസ്റ്റ് റേയ്ഞ്ച് ഓഫീസിന് മുന്നില്‍ സത്യഗ്രഹ സമരം നടത്തുമെന്നും ഡെനീഷ് പറഞ്ഞു.
