കോതമംഗലം: നേര്യമംഗലത്തിന് സമീപം ചെമ്പന്‍കുഴിയില്‍ ജനവാസ മേഖലയിൽ പട്ടാപ്പകലിറങ്ങിയ കാട്ടുകൊമ്പൻ ഭീതി പരത്തി. ഒരു മാസത്തോളമായി പ്രദേശത്ത് പകലും ആനയുടെ സാന്നിധ്യം കാരണം ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്.
കാഞ്ഞിരവേലി വനത്തില്‍നിന്ന് പെരിയാര്‍ കടന്നും മുള്ളരിങ്ങാട് വനത്തില്‍ തമ്പടിച്ചുമാണ് ആനകള്‍ ചെമ്പന്‍കുഴിയില്‍ എത്തുന്നത്. മൂന്ന് കൊമ്പന്മാര് ഉണ്ടായിരുന്നതില്‍ രണ്ടെണ്ണത്തിനെ ഏതാനും ദിവസമായി കാണുന്നില്ല.
തീറ്റതേടിയെത്തുന്ന ഒരു കൊമ്പനാണ് നേരം വെളുത്താലും കാടുകയറാതെ നാട്ടില്‍ തമ്പടിക്കുന്നത്. ഇതോടെ പുലർച്ചെ വിവിധ ജോലിക്ക് പോകേണ്ടവര്‍ ആനയെ പേടിച്ച് ജോലിക്ക് പോകാറില്ല.
തിങ്കളാഴ്ച വൈകിട്ടോടെ എത്തിയ കൊമ്പന് ഇന്നലെ രാവിലെയും തിരികെ പോകാത്തതിനാൽ ആര്‍ആര്‍ടി എത്തി പടക്കം പൊട്ടിച്ചും റബർ ബുള്ളറ്റിന് ഫയര്‍ ചെയ്തുമാണ് ആനയെ തുരത്തിയത്. തോട്ടിലൂടെ എത്തിയ കൊമ്പന് പുത്തയത്ത് വാസുവിന്റെ പറമ്പിലായിരുന്നു രാവിലെ നിലയുറപ്പിച്ചിരുന്നത്. ആന പുരയിടത്തിലുണ്ടെന്ന് അറിഞ്ഞ് വനപാലകര്‍ പുലര്‍ച്ചെ 4.30ഓടെ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിരുന്നു.
നേര്യമംഗലം ഇടുക്കി റോഡില്‍ ചെമ്പന്‍കുഴി ഭാഗത്ത് ഇരുവശത്തും റോഡ് ബ്ലോക്ക് ചെയ്താണ് ആനയെ മണിയന്‍പാറ വനത്തിലേക്ക് കയറ്റിയത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് എതിര്‍വശത്തുള്ള വാസുവിന്റെ പുരയിടത്തില്‍നിന്ന് ആനയെ ഓടിച്ച് റോഡില്‍ കയറ്റി റബർ ബുള്ളറ്റ് ഉപയോഗിച്ച് പലകുറി നിറയൊഴിച്ചാണ് ആനയെ വനത്തിലേക്ക് കയറ്റിവിട്ടത്.
തിങ്കളാഴ്ച പാറങ്കിമാലില്‍ സാന്റി ജോസഫിന്റെ പുരയിടത്തിലെ 30ഓളം വാഴകള്‍ നശിപ്പിച്ചു. പാറങ്കിമാലില്‍ ജിനോഷിന്റെ പറമ്പില്‍നിന്ന പന മറിച്ചിട്ട് തിന്നിരുന്നു. പനയുടെ ശേഷിച്ച ഭാഗം കഴിക്കാനെത്തിയതാണ് ആന.
കരിമണല്‍ മുതല്‍ ചെമ്പന്‍കുഴി വരെ പെരിയാര്‍ തീരത്ത് അഞ്ചു കിലോമീറ്റർ ദൂരത്തില്‍ ഫെന്‍സിംഗ് സ്ഥാപിച്ചിട്ടുണ്ട്. ചെമ്പന്‍കുഴി മുതല്‍ മണിയന്‍പാറ വരെയുള്ള രണ്ട് കിലോമീറ്റർ ഫെന്‍സിംഗ് ഇല്ല. ഫെൻസിംഗ് വേലിയില്ലാത്ത ഭാഗത്ത് കൂടിയാണ് ആന ജനവാസ മേഖലയിലേക്ക് എത്തുന്നത്. ഇവിടെ ഉടന്‍ ഫെന്‍സിംഗ് സ്ഥാപിക്കാനും ആനയെ സദാ നിരീക്ഷിച്ച് ഓടിക്കാനും ആര്‍ആര്‍ടിയെ നിയോഗിച്ചിട്ടുണ്ട്.
