mathew kuzhalnadan
1982-ൽ നിശ്ചയിച്ച പോലീസ് സ്റ്റേഷൻ പരിധിയാണ് ഇന്നും തുടരുന്നത്

മുവാറ്റുപുഴ : പായിപ്ര കേന്ദ്രമാക്കി പുതിയ പോലീസ് സ്റ്റേഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു മാത്യു കുഴൽനാടൻ എംഎൽഎ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്‌ ചെന്നിത്തലക്ക് നിവേദനം നൽകി. മൂവാറ്റുപുഴ പോലീസ് സ്റ്റേഷൻ്റെ നിലവിലെ പ്രവർത്തനപരിധിയും വർദ്ധിച്ചുവരുന്ന നിയമ-സമാധാന വെല്ലുവിളികളും കണക്കിലെടുത്താണ് പുതിയ പോലീസ് സ്റ്റേഷൻ ആവശ്യമായി വരുന്നതെന്ന് എംഎൽഎ പറഞ്ഞു. പായിപ്ര കേന്ദ്രമാക്കി ഒരു പുതിയ പോലീസ് സ്റ്റേഷൻ സ്ഥാപിക്കുന്നത് ഇനി വൈകിക്കാനാകാത്ത ആവശ്യമായി മാറിയിരിക്കുകയാണ്.

1982-ൽ നിശ്ചയിച്ച പോലീസ് സ്റ്റേഷൻ പരിധിയാണ് ഇന്നും തുടരുന്നത്. എന്നാൽ കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ ജനസംഖ്യയിലും വാഹന ബാഹുല്യത്തിലും വ്യാവസായിക വളർച്ചയിലും ഗണ്യമായ വർദ്ധനവുണ്ടായിട്ടുണ്ട്. ഏകദേശം 1.30 ലക്ഷം ജനസംഖ്യയും 135 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയുമുള്ള പ്രദേശം ഒറ്റ സ്റ്റേഷൻ പരിധിയിൽ നിലനിൽക്കുന്നത് പോലീസ് സേവനങ്ങളുടെ കാര്യക്ഷമതയെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യമാണ്.

എറണാകുളം ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തുകളിൽ ഒന്നാണ് പായിപ്ര പഞ്ചായത്ത്. നിരവധി വ്യവസായ സ്ഥാപനങ്ങൾ, ആയിരക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികൾ, വിദ്യാഭ്യാസ-വാണിജ്യ കേന്ദ്രങ്ങൾ, എന്നിവയെല്ലാം ഈ മേഖലയെ പ്രത്യേക ശ്രദ്ധപ്രദേശമാക്കി മാറ്റിയിരിക്കുന്നതായി എംഎൽഎ ചൂണ്ടിക്കാട്ടി.

നിലവിൽ മൂവാറ്റുപുഴ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ ഗണ്യമായ പങ്കും പായിപ്ര മേഖലയുമായി ബന്ധപ്പെട്ടവയാണ്. കൂടാതെ ദൂരപരിധി, ഗതാഗതക്കുരുക്ക്, ഉൾപ്രദേശങ്ങളിലേക്കും അതിർത്തി പ്രദേശങ്ങളിലേക്കും മുവാറ്റുപുഴ സ്റ്റേഷനിൽ നിന്നും സമയബന്ധിതമായി എത്തിച്ചേരാനുള്ള ബുദ്ധിമുട്ടുകൾ എന്നിവ നിയമ-സമാധാന പരിപാലനത്തെ സാരമായി ബാധിക്കുന്നുണ്ട്.

പുതിയ പോലീസ് സ്റ്റേഷൻ്റെ പ്രവർത്തനം ആരംഭിക്കുന്നതിനാവശ്യമായ താൽക്കാലിക കെട്ടിട സൗകര്യവും സ്ഥിരം കെട്ടിട നിർമ്മാണത്തിനാവശ്യമായ സർക്കാർ ഭൂമിയും ലഭ്യമാണെന്നത് ഈ നിർദ്ദേശത്തിന്റെ പ്രായോഗികത വർദ്ധിപ്പിക്കുന്ന ഘടകമാണ്.

മൂവാറ്റുപുഴ പോലീസ് സ്റ്റേഷൻ്റെ ഭാരം കുറയ്ക്കുന്നതിനും പൊതുജനങ്ങൾക്ക് കൂടുതൽ വേഗത്തിലും ഫലപ്രദമായും പോലീസ് സേവനം ഉറപ്പാക്കുന്നതിനും പുതിയ പോലീസ് സ്റ്റേഷൻ സഹായകരമാണ്. ജനസുരക്ഷയും നിയമ-സമാധാന പരിപാലനവും ശക്തിപ്പെടുത്തുന്നതിനും പുതിയ സ്റ്റേഷൻ ഉപകരിക്കുമെന്നും എംഎൽഎ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!