തൃശൂർ/അങ്കമാലി: ഇന്ന് നാട്ടാനകളുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത് രണ്ടുപേർക്ക്. തൃശൂരിലും അങ്കമാലിയിലുമാണ് ഉൽസവത്തിനെത്തിച്ച ആനകൾ ഇടഞ്ഞത്. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞ് രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവം. വാഴ്വാടി കാശിനാഥൻ എന്ന ആനയാണ് ഇടഞ്ഞ് രണ്ടാം പാപ്പാൻ ശ്രീക്കുട്ടനെ (26) ചവിട്ടിക്കൊന്നത്. കഴിഞ്ഞ ദിവസം രാത്രി നടന്ന വിളക്കെഴുന്നള്ളിപ്പിനിടെയും ഇതേ ആന തെറ്റിയിരുന്നു. ആനയുടെ കൂടെ നടന്നിരുന്ന രണ്ടുപേർ വീഴുകയും ചെയ്തു. ഉടൻ തന്നെ പാപ്പാൻമാർ ആനയെ നിയന്ത്രിച്ച് ആനകളെ കെട്ടിയിരുന്ന ദേവസ്വം പറമ്പായ കൊട്ടിലായ്ക്കലിൽ തളയ്ക്കുകയായിരുന്നു.
എന്നാൽ ഇന്ന് ഉച്ചയ്ക്ക് ഒന്നോടെ വീണ്ടും അക്രമാസക്തനായ ആന തളച്ചിരുന്ന പറമ്പിലെ താൽക്കാലിക ഷെഡ് തകർക്കുകയും പാപ്പാൻമാരെ ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ പാപ്പാൻമാരായ അമൽ (28), ശ്രീക്കുട്ടൻ എന്നിവർക്ക് പരിക്കേറ്റു. ഉടൻ തന്നെ ഇവരെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും നെഞ്ചിൽ ചവിട്ടേറ്റ ശ്രീക്കുട്ടൻ മരിച്ചു. പരുക്കേറ്റ അമൽ ചികിൽസയിലാണ്.
രാവിലെ അങ്കമാലിയിലും ആന ഇടഞ്ഞ് യുവാവിനെ ചവിട്ടിക്കൊന്നിരുന്നു, അങ്കമാലി കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രത്തിനു സമീപത്തുവച്ച് വിരണ്ടോടിയ മയ്യനാട് പാർഥസാരഥി എന്ന ആനയുടെ ആക്രമണത്തിലാണ് ആനയെ എത്തിച്ച വാഹനത്തിന്റെ ഡ്രൈവർ വിഷ്ണു മരിച്ചത്. ഇടഞ്ഞ ആനയെ തളയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് വിഷ്ണുവിനെ ആന ചവിട്ടിയത്. സംഭവസ്ഥലത്തുവച്ചുതന്നെ വിഷ്ണു മരിച്ചു. ആനയുടെ ആക്രമണത്തിൽ രണ്ടാം പാപ്പാൻ പ്രദീപിനും പരുക്കേറ്റു. ഇയാളെ അങ്കമാലി ഈസ്റ്റ് ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
സമീപത്തെ മറ്റൊരു ക്ഷേത്രത്തിലെ ഉത്സവത്തിനായി കൊണ്ടുവന്നതായിരുന്നു ആനയെ. ഉത്സവത്തിനിടയിലെ വിശ്രമവേളയിൽ ആനയെ കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്ര പരിസരത്ത് തളച്ചു. ഈ സമയത്താണ് ആന അപ്രതീക്ഷിതമായി ഇടഞ്ഞത്. ആന ഇടഞ്ഞതോടെ പരിസരത്തുണ്ടായിരുന്നവർ ഓടിമാറുകയായിരുന്നു. സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ ആന തകർത്തു. ജനവാസ മേഖലയായതിനാൽ ആന വീടുകൾക്ക് നേരെ തിരിയുമോ എന്ന ആശങ്കയുണ്ട്. നിലവിൽ ക്ഷേത്രത്തിന് മുൻവശത്തുള്ള മൈതാനത്താണ് ആന നിൽക്കുന്നത്.
