കൊച്ചി: ലൈംഗികചേഷ്ട കാണിച്ചതും കമന്റടിച്ചതും ചോദ്യം ചെയ്ത 2 യുവതികളെ സംഘം ചേർന്നു മർദിച്ചവശരാക്കി; വസ്ത്രം വലിച്ചുകീറി. 3 അക്രമികളെ പൊലീസ് അറസ്റ്റ് ചെയ്തു. മത്സരപ്പരീക്ഷാ പരിശീലനത്തിനായി കൊച്ചി കലൂരിൽ താമസിക്കുന്ന പാലക്കാട്, കോഴിക്കോട് സ്വദേശിനികൾ പുലർച്ചെ 4.30നു സമീപത്തെ കടയിൽ ചായകുടിക്കാൻ എത്തിയപ്പോഴാണു സംഭവം.
കടയുടെ സമീപമുണ്ടായിരുന്ന 2 സ്ത്രീകൾ ഉൾപ്പെടെ 11 അംഗ സംഘമാണു യുവതികളെ ആക്രമിച്ചത്. സംഘത്തിലെ ചിലർ കമന്റടിക്കുകയും അശ്ലീല ചേഷ്ട കാണിക്കുകയും ചെയ്തപ്പോൾ യുവതികൾ പ്രതികരിച്ചു. ദേഹത്തു കടന്നു പിടിക്കാൻ ശ്രമിച്ചപ്പോൾ യുവതികൾ അതു ഫോണിൽ പകർത്തി. ഇതോടെ അക്രമികൾ ഫോൺ എറിഞ്ഞുപൊട്ടിക്കുകയും കൈപിടിച്ചു തിരിക്കുകയും ചെയ്തു. സംഘത്തിലെ ഒരാൾ യുവതികളുടെ വസ്ത്രം വലിച്ചുകീറി, തള്ളിത്താഴെയിട്ടു ചവിട്ടി. പരുക്കേറ്റ യുവതികൾ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ആശുപത്രിയിലെത്തി ചികിത്സ തേടിയത്.
സംഘത്തിലെ 11 പേർക്കെതിരെയും കേസെടുത്തെന്നും മലപ്പുറം എടപ്പാൾ സ്വദേശി ആൽബിൻ, പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ സാബിത്ത്, അരുൺ എന്നിവരാണു പിടിയിലായതെന്നും പൊലീസ് അറിയിച്ചു. മുഖ്യപ്രതി അക്ബറിനായുള്ള അന്വേഷണം തുടരുന്നു. ക്രിമിനൽ പശ്ചാത്തലമുള്ള ഇയാളുടെ ഹോട്ടലിലെ ജീവനക്കാരാണ് അറസ്റ്റിലായവർ. അതേസമയം, പൊലീസുകാരിൽ ഒരാൾ യുവതികൾ പുലർച്ചെ പുറത്തിറങ്ങിയതിനെയും അവരുടെ വസ്ത്രധാരണത്തെയും അധിക്ഷേപിച്ചെന്നും പരാതി ഉണ്ട്. ഇക്കാര്യവും പരിശോധിക്കുമെന്ന് ഡിസിപി ഷഹൻഷാ അറിയിച്ചു.
