തൊടുപുഴ: ഇടുക്കിയിൽ കനത്ത മഴയിൽ വ്യാപക നാശനഷ്ടം. ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കുടയത്തൂർ അടൂർ മലയിലുണ്ടായ ഉരുൾപൊട്ടലിൽ ഏഴാം വാർഡിൽ മഷിക്കല്ലേൽ സുമതി മരിച്ചു.
വാഗമൺ കോലാഹലമേട്ടിൽ ലീലാമണിയുടെ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണ് ബന്ധു വൈക്കം സ്വദേശി പ്രഭാകരൻ നായർ (72) മരിച്ചു.
ഉപ്പുതറയിൽ പൊലീസ് ജീപ്പിന് മുകളിൽ മണ്ണിടിഞ്ഞുവീണു. പൊലീസുകാർ വാഹനം നിർത്തി ഇറങ്ങിയതിനാൽ ആർക്കും പരുക്കില്ല. ഇടുക്കി ഏലപ്പാറ ചെമ്മണ്ണ് ഭാഗത്ത് വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണു.
ഉരുൾപൊട്ടലിനെ തുടർന്ന് മലങ്കര ഡാമിലേക്ക് വൻതോതിൽ വെള്ളം ഒഴുകിയെത്തുന്നുണ്ട്. ഡാമിന്റെ 4 ഷട്ടറുകൾ 1.50 മീറ്റർ വരെ ഉയർത്തിയിരിക്കുകയാണ്. ഉരുൾപൊട്ടലിനെ തുടർന്ന് മലങ്കര ഡാമിലേക്ക് വൻതോതിൽ വെള്ളം ഒഴുകിയെത്തുന്നുണ്ട്. ഡാമിന്റെ 4 ഷട്ടറുകൾ 1.50 മീറ്റർ വരെ ഉയർത്തിയിരിക്കുകയാണ്.
ഇടുക്കിയിലെ ലോ റേഞ്ച് മേഖലകളിലും ഹൈറേഞ്ചിലും വ്യാപകമായി മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായതിനാൽ ഗതാഗതം പലയിടത്തും സ്തംഭിച്ചിരിക്കുകയാണ്. തൊടുപുഴയാറിലും മൂവാറ്റുപുഴയാറിലും ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നിട്ടുണ്ട്.
